നാമ്പ്രാണിക്കടവ് റെഗുലേറ്റര്‍ ഉദ്ഘാടനം ജൂലൈ 11 ന്
മലപ്പുറം നഗരസഭ 23 കോടി രൂപ ചെലവഴിച്ച് കടലുണ്ടിപ്പുഴയില്‍ നിര്‍മ്മിച്ച നമ്പ്രാണിക്കടവ് റെഗുലേറ്ററിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ജൂലൈ 11 ന് വൈകുന്നേരം നാലിന് നാമ്പ്രാണി സൈറ്റില്‍ നടക്കും. വ്യവസായ-ഐ.ടി, വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി. റിനിഷ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ആമിയന്‍ സ്വാഗതം പറയും. ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ ഇ കെ പുഷ്പരാജന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
60 മീറ്റര്‍ നീളവും 17.80 മീറ്റര്‍ ഉയരവുമുള്ള റെഗുലേറ്ററിന് 13 കിലോമീറ്റര്‍ മുകള്‍ ഭാഗത്തേക്ക് ഏകദേശം 2100 മില്യണ്‍ ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. 12 മീറ്റര്‍ വീതിയുള്ള 3 ഷട്ടറുകളും 10 മീറ്റര്‍ വീതിയുള്ള ഒരു ഷട്ടറും 6 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള ഒരു സ്ഥിരം തടയണയും റെഗുലേറ്ററിന്റെ ഭാഗമാണ്. റെഗുലേറ്റര്‍ പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും കാര്‍ഷിക മേഖലയ്ക്കും വലിയ ആശ്വാസമാകും. നമ്പ്രാണി, മണ്ണാര്‍ക്കുണ്ട് കുടിവെള്ള പദ്ധതികള്‍ക്ക് പുറമെ കാട്ടുങ്ങല്‍, ഉന്നംതല, കൂട്ടിലങ്ങാടി കുടിവെള്ള പദ്ധതികള്‍ക്കും കോട്ടൂര്‍, കൂട്ടിലങ്ങാടി, കുറുവ, ആനക്കയം പഞ്ചായത്തുകളിലെ ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കും ഇത് പ്രയോജനപ്പെടും. കൂടാതെ കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി ഏകദേശം 1500 ഹെക്ടര്‍ കൃഷി ഭൂമിക്ക് സ്ഥിരം ജലസേചന സൗകര്യവും ലഭിക്കും.
കേരള വാട്ടര്‍ അതോറിറ്റിയുടെ നമ്പ്രാണി, മണ്ണാര്‍ക്കുണ്ട് കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായാണ് പ്രധാനമായും നമ്പ്രാണി റെഗുലേറ്റര്‍ പദ്ധതി വിഭാവനം ചെയ്തത്. 2019-ല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ച പദ്ധതിയുടെ ഡിപിആര്‍ ജലസേചന വകുപ്പ് തയ്യാറാക്കുകയും ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 16.40 കോടി രൂപ ഒന്നാം ഘട്ടത്തിനായി വകയിരുത്തി. 2022 ജൂണ്‍ 25 ന് നിര്‍മ്മാണം ആരംഭിച്ചു. 2022 സെപ്റ്റംബര്‍ 24 ന് അന്നത്തെ മലപ്പുറം എം.എല്‍.എ. പി. ഉബൈദുള്ള നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. 2026 മെയ് അഞ്ചിന് 16.40 കോടി രൂപ ചെലവില്‍ ഒന്നാം ഘട്ട പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.
റെഗുലേറ്ററിന്റെ മുകള്‍-താഴ്ഭാഗങ്ങളിലെയും പുഴയുടെ കരസംരക്ഷണ ഭിത്തികളുടെയും നിര്‍മ്മാണമാണ് 6.60 കോടി രൂപ ചെലവില്‍ നടക്കുന്ന രണ്ടാം ഘട്ടം. മലപ്പുറം മുനിസിപ്പാലിറ്റി അക്രഡിറ്റഡ് ഏജന്‍സി മുഖേനയാണ് ഇതിന്റെ പ്രവൃത്തി. ഇതോടെ പദ്ധതിയുടെ ആകെ ചിലവ് 23 കോടി രൂപയാകും.
മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍മാരായ മുജീബ് കാടേരി, സി എച്ച് ജമീല ടീച്ചര്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിതേഷ് ജി അനില്‍ എന്നിവര്‍ക്കൊപ്പം സ്ഥിരം സമിതി അംഗങ്ങളായ കെ.മറിയുമ്മ ഷരീഫ് , പരി അബ്ദുല്‍ മജീദ്, നാഫത്ത് സമീര്‍ മുസ്തഫ, ആബിദ എട്ടുവീട്ടില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എം കെ അനില്‍കുമാര്‍, കെ കെ ഉമര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശബ്‌ന മന്‍സൂര്‍, നഗരസഭ സെക്രട്ടറി കെ സുധീര്‍ എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ യു ഇക്ബാല്‍, എ ജെ ആന്റണി, അഡ്വ. ഷിബു, നാസര്‍ അലി കൊടിയാടന്‍, സി എച്ച് നൗഷാദ്, വില്ലോടി സുന്ദരന്‍, പി കെ ബാവ, ഖാദര്‍ മേല്‍മുറി എന്നിവരും ആശംസകള്‍ അര്‍പ്പിക്കും. മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് പ്രജിത ചടങ്ങില്‍ നന്ദി പറയും.
- Log in to post comments