കാർഷിക പ്രദർശന, വിപണന മേളയ്ക്ക് ഇന്ന് (ജൂലൈ 14) തുടക്കം
#കർഷക-ശാസ്ത്രജ്ഞ മുഖാമുഖം ജൂലൈ 16, 17 തീയതികളിൽ#
കാർഷിക ഗവേഷണ സ്ഥാപനങ്ങളെയും കർഷകരെയും ബന്ധിപ്പിച്ച് നൂതന കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും കർഷകരിലെത്തിക്കുന്നതിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ആത്മ തിരുവനന്തപുരം സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന, വിപണന മേളയ്ക്ക് ഇന്ന് (ജൂലൈ 14) തുടക്കമാകും. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 11ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷനാകും.
തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. ആത്മ പദ്ധതികൾ വിജയകരമായി നടപ്പാക്കിയ മികച്ച വനിതാ കർഷകയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ആദരിക്കും. ദീനദയാൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉൽപ്പന്നങ്ങളുടെ ആദ്യവിൽപ്പന തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ. വി.വി. രാജേഷ് നിർവഹിക്കും. സ്‌കിൽ ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നിസ.എ.,കൃഷി അഡീഷണൽ ഡയറക്ടർ (എക്സ്റ്റൻഷൻ) സ്വപ്ന എസ്., പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി., ഐ.എഫ്.എസ്.ആർ.എസ്. കരമന പ്രൊഫസറും മേധാവിയുമായ ഡോ. ജേക്കബ് ജോൺ, കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ്. തുടങ്ങിയവർ പങ്കെടുക്കും.
മേളയുടെ ഭാഗമായി ജൂലൈ 16, 17 തീയതികളിൽ കർഷക-ശാസ്ത്രജ്ഞ മുഖാമുഖവും സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനവും കൃഷിരീതികളും, കാർഷിക വിളകളിലെ സംയോജിത കീടരോഗ നിയന്ത്രണം, അഗ്രോ ഇക്കോളജിക്കൽ സോൺ അധിഷ്ഠിത വിളകൾ, കിഴങ്ങുവർഗവിളകളിലെ നൂതന സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയുമാണ് സെഷനുകൾ.
- Log in to post comments