ക്ഷയരോഗ നിർമ്മാർജ്ജനം: സ്വകാര്യ ആശുപത്രികളുടെ കൺസോർഷ്യം യോഗം ചേർന്നു
ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ കൺസോർഷ്യം യോഗം ചേർന്നു.
രാജ്യത്ത് ക്ഷയരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് സ്ട്രാറ്റജിക് പ്ലാൻ 2.0-ന്റെ ഭാഗമായായി സംഘടിപ്പിച്ച യോഗം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് ഉദ്ഘാടനം ചെയ്തു.
ക്ഷയരോഗ നിർണ്ണയത്തിൽ സ്വകാര്യ ആരോഗ്യമേഖലയുടെ പങ്കാളിത്തം ഏറെ നിർണ്ണായകമാണ്. രോഗികൾ ആദ്യമായി ആശ്രയിക്കുന്നത് കൂടുതലും സ്വകാര്യ ആശുപത്രികളെയായതിനാൽ, കൃത്യമായ രോഗനിർണ്ണയത്തിലൂടെയും ചികിത്സയിലൂടെയും രോഗവ്യാപനവും മരണനിരക്കും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് യോഗത്തിന് ജില്ലാ ടിബി ഓഫീസർ ഡോ. ടിമ്മി റോഡ്രിഗസ് ജോർജ് പറഞ്ഞു.
നിക്ഷയ് പോർട്ടലിൽ കൃത്യസമയത്ത് വിവരങ്ങൾ രേഖപ്പെടുത്തുക, നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കുക, ബോധവൽക്കരണം ശക്തമാക്കുക എന്നിവയാണ് കൺസോർഷ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സ്വകാര്യ മേഖലയിൽ 688 കേസുകൾ കണ്ടെത്തുകയും, അതിൽ 302 രോഗികൾ ചികിത്സ തുടരുകയും ചെയ്യുന്നുണ്ട്.
കാക്കനാട് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കൺസോർഷ്യം ചെയർപേഴ്സൺ ഡോ. മരിയ വർഗീസ്, ഫോർമർ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡബ്ല്യു.എച്ച്.ഒ ഡോ. ഷിബു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments