Skip to main content

അമിതഭാരം കയറ്റിയ 65 വാഹനങ്ങൾക്കെതിരെ നടപടി: 21.48 ലക്ഷം രൂപ പിഴ ഈടാക്കി

 

​ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ അമിതഭാരം കയറ്റിയ 65 ചരക്കുവാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വിവിധ കേസുകളിലായി ആകെ 21,48,500 രൂപ പിഴ ഈടാക്കിയതായി എറണാകുളം ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. റോഡിൽ സർവീസ് നടത്താൻ യോഗ്യമല്ലെന്ന് കണ്ടെത്തിയ മൂന്ന് ടിപ്പർ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. 

റോഡ് സുരക്ഷ ഉറപ്പാക്കുക, വാഹനാപകടങ്ങൾ കുറയ്ക്കുക, പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയിലെ പ്രധാന പാതകളിൽ രാപ്പകൽ പരിശോധന ശക്തമാക്കിയിരുന്നു. ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം മൂന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
​അമിതഭാരം കയറ്റുന്നത് വാഹനങ്ങളുടെ നിയന്ത്രണശേഷിയെയും ബ്രേക്കിംഗ് സംവിധാനത്തെയും ബാധിക്കുമെന്നും ഇത് ഗുരുതരമായ അപകടങ്ങൾക്കും റോഡുകളുടെ തകർച്ചയ്ക്കും കാരണമാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതിനാൽ വാഹന ഉടമകളും ഡ്രൈവർമാരും അനുവദനീയമായ ഭാരപരിധി കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് ചട്ടം 167 പ്രകാരം, ഓവർലോഡ് കണ്ടെത്തുന്ന വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ഇങ്ങനെയുള്ള വാഹനങ്ങൾക്ക് നികുതി സംബന്ധമായ സേവനങ്ങൾ ഒഴികെ മറ്റ് മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ ലഭ്യമാകില്ല. നിയമലംഘനം ആവർത്തിച്ചാൽ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും ജില്ലയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശോധനകൾ തുടരുമെന്നും സുരക്ഷിതമായ ചരക്ക് ഗതാഗതം ഉറപ്പാക്കാൻ ഇത്തരം പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും ആർ.ടി.ഒ വ്യക്തമാക്കി.

date