മലപ്പുറം'സിറ്റി ഇംപ്രൂവ്മെന്റ്' സമഗ്ര വികസന പദ്ധതിയുടെ രണ്ടാംഘട്ട അവലോകന യോഗം നാളെ (വെള്ളി)
നഗരത്തില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ രണ്ടാംഘട്ട അവലോകന യോഗം നാളെ (വെള്ളി) രാവിലെ 10.30 ന് മലപ്പുറം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ നടക്കും. വ്യവസായ-ഐടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. മുന്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, കോഡൂര്‍ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കാളികളാകും.
മലപ്പുറം നഗരത്തിലേക്കുള്ള പ്രധാന റോഡുകളുടെ വികസനമാണ് യോഗത്തിലെ മുഖ്യ അജണ്ട. ഇതില്‍ അങ്ങാടിപ്പുറം മുതല്‍ രാമനാട്ടുകര വരെയുള്ള ദേശീയപാതയുടെ വികസനം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖ നല്‍കും. മക്കരപ്പറമ്പിലെയും മോങ്ങത്തെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള കൃത്യമായ പദ്ധതിയും ഇതിന്റെ ഭാഗമായി തയ്യാറാക്കും. വേങ്ങര-മലപ്പുറം, കോട്ടക്കല്‍ -മലപ്പുറം, മഞ്ചേരി- മലപ്പുറം തുടങ്ങിയ രോഡുകളുടെ വികസനവും ചര്‍ച്ച ചെയ്യും. കൂടുതല്‍ സ്ഥലമേറ്റെടുത്ത് നിലവിലുള്ള പാതകള്‍ക്ക് വീതികൂട്ടി ഇരട്ടിപ്പിക്കാനും ഗതാഗതം സുഗമമാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പാതകളെ 'ഡിസൈന്‍ റോഡുകള്‍' ആക്കി മാറ്റുന്നതിനൊപ്പം റോഡിന്റെ ഇരുവശങ്ങളിലും സൗന്ദര്യവത്ക്കരണ പ്രവൃത്തികളും നടപ്പിലാക്കും.
റോഡ് വികസനത്തിന് പുറമെ മലപ്പുറം സിവില്‍ സ്റ്റേഷന്റെ സമഗ്രമായ നവീകരണവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് ഉപയോഗിക്കാതെ കിടക്കുന്ന 40 ഏക്കറോളം സ്ഥലം കൃത്യമായ പ്രയോജനപ്പെടുത്തി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയില്‍ വിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ 'റവന്യൂ ടവര്‍' നിര്‍മിക്കുക എന്നതാണ് പദ്ധതി. വിശാലമായ റോഡുകളും ആവശ്യമായ എല്ലാ ഭൗതികസാഹചര്യങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഈ പുനഃക്രമീകരണം നടത്തുന്നത്.
മലപ്പുറം നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാംഘട്ട യോഗം നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളും സന്ദര്‍ശിച്ച് പദ്ധതിയുടെ പ്രായോഗിക വശങ്ങള്‍ വിലയിരുത്തും.
- Log in to post comments