പ്രവാസികൾക്ക് ലോകത്തിന്റെ എവിടെയിരുന്നും പരാതിപ്പെടാം; പ്രവാസി കമ്മീഷൻ വെബ്‌സൈറ്റ് ആഗസ്റ്റ് മുതൽ-ജസ്റ്റിസ് സോഫി തോമസ്
പ്രവാസികൾക്ക് ലോകത്തിന്റെ എവിടെയിരുന്നും തങ്ങളുടെ പരാതികൾ സമർപ്പിച്ചു പരിഹാരം തേടുന്നതിനായി പ്രവാസി കമ്മീഷന്റെ വെബ്‌സൈറ്റ് ആഗസ്റ്റ് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
പ്രവാസികളുടെ പരാതികൾ മാത്രമല്ല, പ്രവാസികളുടെ കുടുംബങ്ങൾ നാട്ടിൽ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായും കമ്മീഷനെ സമീപിക്കാവുന്നതാണ്.
കമ്മീഷൻ കഴിഞ്ഞ വർഷം ആഗസ്റ്റിൽ തുടങ്ങിയ അദാലത്ത് ആലപ്പുഴ ജില്ലയിലെ അദാലത്തോടെ പൂർത്തിയായിരിക്കുകയാണ്. അഞ്ഞൂറിലധികം കേസുകളാണ് എല്ലാ ജില്ലകളിലുമായി തീർപ്പാക്കിയത്. ഓരോ അദാലത്തിലും 30 മുതൽ 50 വരെ കേസുകളാണ് തീർപ്പാക്കിയിരുന്നത്.
അടുത്ത അദാലത്ത് ആഗസ്റ്റ് 11-ന് തിരുവനന്തപുരത്ത് നടക്കും. അദാലത്തിൽ വരുന്ന പരാതികളിൽ 70 ശതമാനവും വഞ്ചനാക്കേസുകളാണ്. പല പ്രവാസികളും വിദേശരാജ്യങ്ങളിൽ പോയി തൊഴിലുടമകളാൽ ചതിക്കപ്പെട്ട്, യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാതെ മടങ്ങിവരുന്ന അവസ്ഥയുണ്ട്. ഇതിൽ ശ്രദ്ധേയമായ കാര്യം ചതിക്കുന്നവരും ചതിക്കപ്പെടുന്നവരും നല്ലൊരു ശതമാനം മലയാളികളാണ് എന്നതാണ്. പരാതികൾക്ക് പരിഹാരം കാണുന്നതിന് പ്രവാസികൾക്കായി ഒരു കമ്മീഷൻ പ്രവർത്തിക്കുന്ന കാര്യം പലർക്കും അറിയില്ല. പരാതികൾ സമർപ്പിക്കാൻ വളരെ നാളുകൾ വൈകുന്നത് ഇതിന് പരിഹാരം കാണുന്നതിന് വലിയ തടസ്സമായി മാറുന്നുണ്ട്. പരാതികൾ കാലതാമസം കൂടാതെ എത്രയും പെട്ടെന്ന് കമ്മീഷനിൽ സമർപ്പിക്കുകയാണെങ്കിൽ ശക്തമായ നടപടിയെടുത്ത് അതിന് പരിഹാരം കാണാൻ സാധിക്കും.
പത്താം ക്ലാസ്, പ്ലസ് ടു എന്നിവ കഴിഞ്ഞ് വിദേശത്ത് പോകുന്ന നല്ലൊരു ശതമാനം കുട്ടികളും അംഗീകാരമില്ലാത്ത സർവകലാശാലകളിൽ ചേരുന്ന സാഹചര്യമുണ്ട്. അങ്ങനെ പോകുന്ന കുട്ടികൾക്ക് അവിടെ പോയി മാന്യമായി ജീവിക്കുന്നതിനോ, നല്ല ഭക്ഷണം കഴിക്കുന്നതിനോ, താമസസൗകര്യങ്ങളോ ലഭിക്കാറില്ല. വിദേശരാജ്യങ്ങളിൽ പോയി ജോലി ചെയ്ത ശേഷം തിരിച്ചുവന്ന് സമ്പാദ്യം നിക്ഷേപിച്ച ശേഷം അത് തിരിച്ചു കിട്ടാത്ത അവസ്ഥയുമുണ്ട്. പ്രവാസി വെൽഫെയർ അസോസിയേഷൻ എന്ന പേരുകളിലും പ്രവാസികൾ തട്ടിപ്പിനിരയാകുന്നുണ്ട്. വിദ്യാർഥികളും പ്രവാസികളും സ്ത്രീകളുമെല്ലാം തട്ടിപ്പിനിരയാകുന്നത് തടയുന്നതിനു വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നോർക്ക റൂട്ട്സ് വഴി നടത്തുന്നതിന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾ ഏതൊരു സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും വീട്ടുകാരുമായി ആലോചിച്ചു മാത്രമേ ചെയ്യാവൂ എന്ന് അവർ പറഞ്ഞു.
അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി എം ജാബിർ, ഡോ. മാത്യൂസ് കെ ലൂക്കോസ്, എം എം നഈം , ജോസഫ് ദേവസ്യ പൊന്മാങ്കൽ, അസിസ്റ്റൻറ് സെക്രട്ടറി ജി എസ് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments