അറിയിപ്പുകള്
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: ജൂലൈ 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് +2 യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ജില്ലയിലെ പഠന കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പര്‍: കുറ്റ്യാടി- 9526873047, ബാലുശ്ശേരി- 9656284286, വടകര- 9846807054
വടകര മോഡല്‍ പോളിടെക്നിക്കില്‍ ലാറ്ററല്‍ എന്‍ട്രി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജിലേക്ക് രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളിലേക്ക് ഒഴിവുള്ള ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്ഡ്വെയര് എഞ്ചിനീയറിംഗ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്ക് ജൂലൈ 17 മുതല്‍ പുതുതായി അപേക്ഷ നല്കി ഓഗസ്റ്റ് 14 ന് മുന്‍പ് അഡ്മിഷന് നേടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് https://le.polyadmission.org/ എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്ട്രേഷന് ചെയ്ത് അപേക്ഷ നല്‍കാവുന്നതാണ്. താല്പര്യമുള്ളവര് അസ്സല് രേഖകളും ഫീസും സഹിതം രാവിലെ 9.30-നു നേരിട്ട് കോളേജില്‍ എത്തണം. എസ് സി/എസ് ടി, ഒ ഇ സി, ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 04962524920, 9497840006, 8547005079, 9847979857
വാഹനം ആവശ്യം
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ പുതുതായി അനുവദിച്ച വട്ടച്ചിറ (നൂറാംതോട്) ആദിവാസി ഉന്നതി, സഞ്ചരിക്കുന്ന ന്യായവിലക്കട നിലവിലുള്ള കുറുമരു കണ്ടി, മുത്തപ്പന്‍പുഴ, മേലെ പൊന്നാങ്കയം, മഞ്ഞക്കടവ് ഉന്നതികളിലേക്കും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് വിതരണം നടത്തുന്നതിനായി ഫോര്‍ വീല്‍ ഡ്രൈവ് വാഹനം (ആദിവസി ഊരുകളിലേക്ക് അനുയോജ്യമായ വാഹനം താലൂക്ക് സപ്ലൈ ഓഫീസര്‍ തെരഞ്ഞെടുക്കേണ്ടതാണ്. ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 20 പകല്‍ മൂന്ന് മണിക്കുള്ളില്‍ നല്‍കണം.
ഫോണ്‍: 0495 2370655
മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്ഷന് ബോര്‍ഡ് മുഖേന പെന്ഷന് വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്ഷന് വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്ഷന് വാങ്ങുന്നവര്‍, കയര്‍ സ്പെഷ്യല്‍ സ്കീം പ്രകാരം പെന്ഷന് വാങ്ങുന്നവര്‍ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുന്‍പ് പെന്ഷന് ലഭിച്ചു തുടങ്ങിയവര്‍ക്ക് അക്ഷയ കേന്ദ്രം മുഖേന 'ജീവന്‍രേഖ' വഴി ബയോമെട്രിക് രീതിയില്‍ 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തീകരിക്കാമെന്നും പ്രസ്തുത തീയതിക്കകം മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് 2026 നവംബര്‍ മാസം മുതല്‍ പെന്ഷന് മുടങ്ങുമെന്നും കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്ഷന് ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു.
വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ആനുകൂല്യത്തിനായി അപേക്ഷിക്കാം. unorganisedwssb.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥി നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2378480 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്ഥാപനമായ എച്ച്എംഡിസിയിലേക്ക് (പുണ്യഭവന്‍) മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ 2026 ജൂലായ് 27-ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ വെച്ച് നടത്തുന്നു. എട്ടാം ക്ലാസ്സ് പാസ്സായ 21 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഇന്റര്‍വ്യൂ ദിവസം നേരിട്ട് നല്‍കേണ്ടതാണ്. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകളും ആധാര്‍ കാര്‍ഡും സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0495-2731632
- Log in to post comments