ഹെപ്പറ്റൈറ്റിസ് ദിനാചരണം: സെമിനാർ സംഘടിപ്പിച്ചു
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം , ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം എൻഎച്ച്എം കോൺഫറൻസ് ഹാളിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെസ്സി ജോയി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അനൂപ ലുക്കാസ്, ജില്ലാ ടി.ബി പ്രോഗ്രാം ഓഫീസർ ഡോ. ശ്രീജിത്ത് ബാബു, ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്. സജീവ്, ടെക്‌നിക്കൽ അസിസ്റ്റന്റ് കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. നെറ്റോ ജോർജ്, ഡോ റീമ സൂസൻ കോര എന്നിവർ ബോധവത്കരണക്ലാസ് എടുത്തു. മീറ്റിംഗിൽ പങ്കെടുത്തവർക്ക് സ്‌ക്രീനിംഗ്, വാക്സിനേഷൻ എന്നിവ നടത്തി. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പ്രധാനമായും എ,ബി,സി,ഡി.ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ആയാണ് ഹെപ്പറ്റൈറ്റിസ് വൈറസിനെ തരം തിരിച്ചിട്ടുള്ളത്. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ,ഇ. വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയും, ബി,സി,ഡി. വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെ പകരുന്നവയുമാണ്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. ഹെപ്പറ്റെറ്റിസ് ബി വ്യാപനതോത് കുറയ്ക്കുക, 2030ന് അകം ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്നതാണ് ഇത്തവണത്തെ ദിനാചരണം ലക്ഷ്യം വെക്കുന്നത്.
- Log in to post comments