പാലത്തിനടിയിലെ ദുരിതജീവിതത്തിനറുതി; സഹോദരങ്ങളായ അഞ്ച് കുട്ടികള്‍ക്ക് തുണയായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ പാലത്തിനടിയില്‍ കഴിഞ്ഞ കുടുംബത്തിലെ അഞ്ച് കുട്ടികള്‍ക്ക് തുണയായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യൂ.സി) ഇടപെടല്‍. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തകടവ് പാലത്തിനടിയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഒന്നും നാലും ഏഴും എട്ടും ഒമ്പതും വയസ്സുള്ള കുട്ടികള്‍ക്കാണ് സംരക്ഷണമൊരുക്കിയത്. മാതാപിതാക്കളുടെ അമിത മദ്യപാനവും നിരന്തര ഉപദ്രവവും കാരണം കുട്ടികള്‍ക്ക് കൃത്യമായ പരിചരണമോ സംരക്ഷണമോ ലഭിച്ചിരുന്നില്ല. മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അടങ്ങുന്ന സഹോദരങ്ങളെ ഒരുമിച്ച് താമസിപ്പിക്കാന്‍ സാധിക്കുന്ന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് അധികൃതര്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, ഡി.സി.പി.ഒ റെസ്ക്യൂ ഓഫീസര്‍ പി മയൂഖ, ജുവനൈല്‍ വിങ് പോലീസുകാരായ എ.എസ്.ഐ കെ ശ്രീജിത്ത്, എസ്.സി.പി.ഒ കെ വി വിജേഷ് കുമാര്‍, സി.പി ശാലിനി, ഡ്രൈവര്‍ സി.പി.ഒ പ്രണവ് എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്.
- Log in to post comments