*കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ നാല് വികസന പദ്ധതികൾക്ക് വെള്ളിയാഴ്ച തുടക്കമാകും; മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും*
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ നാല് പുതിയ പദ്ധതികൾക്ക് ജൂലൈ 31-ന് തുടക്കമാകും. സർവകലാശാല പ്രോ ചാൻസലർ കൂടിയായ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന എം.എസ്.സി. മെഡിക്കൽ ബയോഇൻഫർമാറ്റിക്സ് കോഴ്സ് മന്ത്രി ഉദ്ഘാടനം ചെയ്യും. മുളങ്കുന്നത്തുകാവിലെ ആസ്ഥാന ക്യാമ്പസിൽ ആരംഭിക്കുന്ന ആദ്യ ഓൺ-ക്യാമ്പസ് അക്കാദമിക് പ്രോഗ്രാമാണിത്. സ്കൂൾ ഓഫ് ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസസിന് കീഴിലാണ് ബിരുദാനന്തര ബിരുദ കോഴ്സ് പ്രവർത്തിക്കുന്നത്.
ഇതോടൊപ്പം, നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിൻറെ സഹായത്തോടെ ക്യാമ്പസിൽ ഒരുക്കിയ ഔഷധസസ്യ ഉദ്യാനത്തിന്റെ സമർപ്പണം, പൊതുജനാരോഗ്യ അവബോധത്തിനായി ആരംഭിക്കുന്ന സർവകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സ്വിച്ച് ഓൺ കർമ്മം, വിദ്യാർത്ഥികൾക്ക് അത്യാധുനിക ഡിജിറ്റൽ പഠനസൗകര്യമൊരുക്കുന്ന ഇ-ലേണിംഗ് സ്റ്റുഡിയോയുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും.
സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. പി. വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ, കെ.എഫ്.ആർ.ഐ. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. സുജനപാൽ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments