Skip to main content
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഖാദി ഓണം മേള 2026ന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി. സിദ്ദീഖ് നിര്‍വഹിക്കുന്നു

ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം -മന്ത്രി ടി സിദ്ദീഖ്

ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ഗ്രാമീണ സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ലക്ഷ്യമിട്ട് ഉല്‍പാദിപ്പിച്ച ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും ഈ ഓണത്തിന് ഓരോ കുടുംബത്തിലും ഒരു ഖാദി ഉല്‍പന്നമെങ്കിലും എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഖാദി ഓണം മേള 2026ന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യവില്‍പനയും കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ അധ്യക്ഷനായി. ഖാദി എള്ളെണ്ണ ലോഞ്ചിങ്ങും അദ്ദേഹം നിര്‍വഹിച്ചു. ഖാദി കുപ്പടം സാരി ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനും ഓണം സമ്മാന കൂപ്പണ്‍ ആദ്യ നറുക്കെടുപ്പും കുപ്പടം സാരി നെയ്‌തെടുത്ത തൊഴിലാളികളെ ആദരിക്കലും സബ് കലക്ടര്‍ എസ്. ഗൗതംരാജും നിര്‍വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ കെ. ഷിബി, അമൃത് രാജ് ജോസി, കെ.കെ ദിനേശന്‍, ഹനീഫ പനായി, എസ് ശിഹാബുദ്ദീന്‍, ടി. ബൈജു, ബി.എസ് രാജീവ്, എം.കെ ശ്യാമപ്രസാദ്, യു. രാധാകൃഷ്ണന്‍, ശ്രീകേഷ്, വി ഷിബു എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് ചെറൂട്ടി റോഡില്‍ കോടതിക്ക് സമീപം, വടകര പഴയ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്, ബാലുശ്ശേരി അറപ്പീടിക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ബോര്‍ഡിന്റെ ഷോറൂമുകളില്‍ ആഗസ്റ്റ് 25 വരെ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജീവനക്കര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് പര്‍ച്ചേസിനുള്ള സൗകര്യവും ബോര്‍ഡിന്റെ അംഗീകൃത ഷോറൂമുകളിലുണ്ടാകും. മേള ആഗസ്റ്റ് 25 വരെ തുടരും. പൊതുഅവധി ദിനങ്ങളിലും ഞായറാഴ്ചകളിലും ഷോറൂമുകള്‍ പ്രവര്‍ത്തിക്കും.

date