Skip to main content

ഷീ സ്‌കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) മുഖാന്തിരം 2026-27 സാമ്പത്തിക വർഷത്തിൽ ഷീ സ്‌കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകളെയും അഞ്ച് വർഷമായി സാഫിൽ പ്രവർത്തിക്കുന്ന ഗുണഭോക്താക്കളെയുമാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. 

അപേക്ഷകർ എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങളും മത്സ്യഗ്രാമത്തിൽ സ്ഥിരതാമസക്കാരുമായിരിക്കണം. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി ടൂവീലർ ഇല്ലാത്തവരും ടൂവീലർ ലൈസൻസ് ഉള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായപരിധി 45 വയസ്. സാഫ് ഗുണഭോക്താക്കൾക്ക് 50 വയസ്. 

അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാഫ് നോഡൽ ഓഫീസ്, ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫീസുകളിൽ ആഗസ്റ്റ് 11 വരെ സമർപ്പിക്കാം. 

വിലാസം: തിരുവനന്തപുരം സാഫ് നോഡൽ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം. ഫോൺ: 9895332871, 9847907161, 8075162635

date