ഓണക്കാലത്ത് ലഹരി പരിശോധന ശക്തമാക്കും
ലഹരി കടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നവരോട് യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പും നിയമ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ജില്ലാകളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്. വിമുക്തി ജില്ലാതല ജനകീയ സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി കടത്ത് സംബന്ധിച്ച അന്വേഷണം ഉറവിടങ്ങളിലേക്ക് എത്തണമെന്നും കളക്ടര്‍ പറഞ്ഞു. ലഹരി കടത്തിനെക്കുറിച്ചുള്ള വിവരം കൈമാറുന്നവരുടെ വിവരങ്ങള്‍ ചോരാതെ നോക്കാന്‍ പൊലീസിനും എക്‌സൈസിനും ബാധ്യതയുണ്ട്. വിവരം നല്‍കുന്നവര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളുണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് ഓണത്തിന് മുമ്പ് ലഹരി പരിശോധന കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. തമിഴ്‌നാട് പൊലീസ്, തമിഴ്‌നാട് പ്രൊഹിബിഷന്‍ ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിങ് എന്നിവയുമായി ചേര്‍ന്ന് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം കര്‍ശനമാക്കും. വിമുക്തി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനകീയ സമിതികളെ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയ്, എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പ്രിന്‍സ് ബാബു, ജനകീയ സമിതി അംഗങ്ങളായ അഡ്വ. കെ.വി സെല്‍വം, ഷാഹുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments