Skip to main content

ദുരിതാശ്വാസ ക്യാമ്പുകളിൽ കരുതൽ കരങ്ങളായി ആരോഗ്യപ്രവർത്തകർ

ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ പ്രവർത്തിക്കുന്ന 91 ദുരിതാശ്വാസ ക്യാമ്പുകളിലും രോഗപ്രതിരോധ നടപടികളും ആരോഗ്യ സുരക്ഷയും ഉറപ്പാക്കി ആരോഗ്യവകുപ്പ് ജീവനക്കാരും ഉദ്യോഗസ്ഥരും സജീവ രംഗത്ത്. ക്യാമ്പുകളിൽ നേരിട്ടെത്തി ബോധവത്കരണവും വൈദ്യസഹായവും നൽകുന്നതിനൊപ്പം പ്രതിരോധ മരുന്നുകളുടെ വിതരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.വി. വിദ്യ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ലൈജു, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ്.ആർ. ദിലീപ് കുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനന്ത് മോഹൻ, പബ്ലിക് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അവശ്യമരുന്നുകളുടെ ലഭ്യത, മുൻകരുതൽ പ്രവർത്തനങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ ആരോഗ്യ സുരക്ഷ എന്നിവ കൃത്യമായി ഉറപ്പുവരുത്തുന്നുണ്ട്.

*കൊതുകുജന്യ-എലിപ്പനി രോഗങ്ങൾക്കെതിരെ ജാഗ്രത*

 ക്യാമ്പുകളിൽ കൊതുകുജന്യ രോഗങ്ങൾ പടരാതിരിക്കാൻ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നശീകരണവും ഫോഗിങും നടത്തുന്നുണ്ട്.
എലിപ്പനി ഭീഷണി കണക്കിലെടുത്ത് പ്രത്യേക ബോധവത്കരണവും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്റെ വിതരണവും ഊർജ്ജിതമാക്കി. പത്തിയൂർ ക്യാമ്പിൽ സന്ദർശനത്തിനെത്തിയ എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് ഡോക്സിസൈക്ലിൻ ഗുളിക നൽകി പ്രതിരോധത്തിന്റെ സന്ദേശം നൽകിയ പത്തിയൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  രാജേഷിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

*സമർപ്പണത്തോടെ ആരോഗ്യപ്രവർത്തകർ*

 ദുരിതപൂർണ്ണമായ സാഹചര്യത്തിലും ആരോഗ്യപ്രവർത്തകർ നടത്തുന്ന സേവനം ശ്രദ്ധേയമാണ്. ഇരമല്ലിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകർ ജെ.സി.ബിയിൽ സഞ്ചരിച്ചാണ് വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട ക്യാമ്പുകളിലേക്ക് എത്തിയത്.
വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയും തലവടി, മുട്ടാർ, നീലമ്പേരൂർ, ബുധനൂർ, തിരുവൻവണ്ടൂർ എന്നീ ആരോഗ്യ കേന്ദ്രങ്ങളും സമീപ പ്രദേശങ്ങളിലെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റി പ്രവർത്തനം  നടത്തുന്നുണ്ട്.

*പാമ്പുകടിക്കെതിരെ അതീവ ശ്രദ്ധ പുലർത്തണം*

 വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും വെള്ളമിറങ്ങി വീടുകളിലേക്ക് മടങ്ങുന്ന വേളയിലും പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ എത്രയും വേഗം ആന്റി സ്നേക്ക് വെനം ലഭ്യമായ ജില്ലാ-ജനറൽ ആശുപത്രികളിലോ താലൂക്ക് ആശുപത്രികളിലോ എത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ടതാണ്.

date