Skip to main content

ചിപ്‌സിലും ശര്‍ക്കര വരട്ടിയിലും മായം ചേര്‍ത്താല്‍ 3 ലക്ഷം പിഴയും തടവുശിക്ഷയും ചിപ്‌സില്‍ അമിതമായ മഞ്ഞനിറം കൃത്രിമനിറം ചേര്‍ത്തതാകാം

ഓണക്കാലത്ത് പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളായ ഏത്തക്ക ചിപ്സ്, ശര്‍ക്കര വരട്ടി എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി. സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഈ രണ്ടു ഭക്ഷ്യവസ്തുക്കളിലും കണ്ടെത്തുന്ന ന്യൂനത നിരോധിച്ചതും, ചേര്‍ക്കുവാന്‍ അനുവാദമില്ലാത്തതുമായ കളറുകള്‍ ചേര്‍ത്തിരിക്കുന്നു എന്നതാണ്. ഇവ സുരക്ഷിതമല്ലാത്ത ഭക്ഷണം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ പിഴയും 3 മാസം വരെ തടവുശിക്ഷയുമാണ് നിയമത്തില്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

വ്യാപാരികള്‍ ഇത്തരം ഗുണനിലവാരം കുറഞ്ഞതും കൃത്രിമ നിറങ്ങള്‍ ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കണം. ഉപഭോക്താക്കള്‍ മേല്‍പ്പറഞ്ഞ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവയില്‍ അമിതമായി നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ചിപ്ലിന് സാധാരണ ഗതിയില്‍ അമിതമായ മഞ്ഞനിറം കാണുകയാണെങ്കില്‍ അതില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം മഞ്ഞനിറമുള്ള ചിപ്സുകളും മറ്റും വാങ്ങുന്നത് ഉപഭോക്താക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

ചിപ്സ് വാങ്ങുമ്പോള്‍ അതില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് വ്യാപാരികളോട് ചോദിച്ചറിയുന്നത് ഉപഭോക്താക്കള്‍ ഒരു ശീലമാക്കി മാറ്റണം. കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാത്ത ചിപ്സുകള്‍ വാങ്ങാത്തതിനാല്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നു എന്നതാണ് വ്യാപാരികളുടെ പരാതി. ഉപഭോക്താക്കള്‍ കൃത്രിമ നിറങ്ങളില്ലാത്ത ചിപ്സുകള്‍ ആവശ്യപ്പെടുമ്പോള്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്ന വ്യാപാരികളുടെ ശീലം മാറ്റുവാന്‍ സാധിക്കും.  സ്വാഭാവിക നിറങ്ങള്‍  ചേര്‍ക്കുന്നത് അനുവദനീയമണ്.

കഴിഞ്ഞ ആഴ്ചത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 59 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. രണ്ട് ചൈല്‍ഡ് ഹോം, ഒരു വൃദ്ധ സദനം എന്നിവിടങ്ങളിലും പരിശോധന നടത്തി. 4  സ്ഥാപനങ്ങള്‍ക്ക് കോംപൗണ്ടിംന് നോട്ടീസ് നല്‍കി. 8 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 5 സര്‍വേയലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 8 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസും 3 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും ഒരു അഡ്ജ്യൂഡിക്കേഷന്‍ ശുപാര്‍ശയും നല്‍കി.
 

date