Skip to main content

കലൂർ 220 കെ.വി. സബ് സ്റ്റേഷൻ പ്രതിസന്ധി: അടിയന്തര ഇടപെടൽ വേണം -ടി. ജെ. വിനോദ് എം.എൽ.എ. 

 

*കൊച്ചിയുടെ വൈദ്യുതി സുരക്ഷയ്ക്ക് ശാശ്വതപരിഹാരം വേണം; മന്ത്രി സണ്ണി ജോസഫിനോട്
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കത്ത് നൽകി *

കൊച്ചി നഗരത്തിന്റെ വൈദ്യുതിവിതരണശൃംഖലയിലെ നിർണായക കണ്ണിയായ കലൂർ220 കെ.വി. സബ് സ്റ്റേഷൻ 110 കെ.വി. നിലയിലേക്ക് ചുരുങ്ങിയതിൽ അടിയന്തരമായി ഇടപെടണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിനോട്ടി. ജെ. വിനോദ് എം.എൽ.എ. ആവശ്യപ്പെട്ടു.
നഗരത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് താത്കാലിക പരിഹാരങ്ങൾക്ക് പകരം ശാശ്വത പരിഹാരം
ഉറപ്പാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

ബ്രഹ്മപുരം സബ് സ്റ്റേഷനിൽ നിന്ന് കലൂർ 220 കെ.വി. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിരുന്ന രണ്ട് ഭൂഗർഭ 220 കെ.വി. ഫീഡറുകളും തകരാറിലായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ കലൂർ സബ് സ്റ്റേഷൻ നിലവിൽ സമീപ സബ് സ്റ്റേഷനുകളിൽ നിന്നുള്ള 110 കെ.വി. വൈദ്യുതിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

നഗരത്തിന്റെ വൈദ്യുതി വിതരണത്തിൽ കലൂർ സബ് സ്റ്റേഷനുള്ള തന്ത്രപ്രധാനമായ പങ്ക് കണക്കിലെടുക്കുമ്പോൾ ഈ സാഹചര്യം ഗൗരവമായി
കാണേണ്ടതുണ്ടെന്ന് ടി. ജെ. വിനോദ് എം.എൽ.എ. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഐ.ടി. സ്ഥാപനങ്ങൾ, വിവിധ അത്യാധുനിക സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം വലിയ തോതിൽ വൈദ്യുതിയെ ആശ്രയിക്കുന്ന കൊച്ചിയിൽ ട്രാൻസ്മിഷൻ ശൃംഖലയുടെ ശേഷി കുറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.

കൊച്ചിയുടെ വൈദ്യുതി സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല

ഭൂഗർഭ 220 കെ.വി. കേബിളുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് ദീർഘകാലം വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സ്പെയർ ഉപകരണങ്ങളുടെ ലഭ്യതക്കുറവും വിദഗ്ധരായ സാങ്കേതിക ജീവനക്കാരുടെ അപര്യാപ്തതയും അറ്റകുറ്റപ്പണികൾ വൈകുന്നതിന് കാരണമാകുന്നുണ്ടെന്നും ടി. ജെ. വിനോദ് എം.എൽ.എ. ചൂണ്ടിക്കാട്ടി.

 കലൂർ സബ് സ്റ്റേഷൻ 220 കെ.വി. ശേഷിയിൽ തന്നെ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കൊച്ചി നഗരത്തിന്റെ ഭാവി
വൈദ്യുതി ആവശ്യകത കൂടി കണക്കിലെടുത്തുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ടി. ജെ. വിനോദ് എം.എൽ.എ. പറഞ്ഞു.

 * മെട്രോ നിർമ്മാണത്തിനിടെ കേബിൾ മുറിഞ്ഞു; ഏകോപനം ശക്തമാക്കണം* 

കൊച്ചി നഗരത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ഖനനം, പൈലിംഗ്, റോഡ് കട്ടിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഭൂഗർഭ വൈദ്യുതി കേബിളുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായി എം.എൽ.എ. ചൂണ്ടിക്കാട്ടി.

മെട്രോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യമായ കൃത്യമായ ഗൈഡൻസിന്റെയും ഏകോപനത്തിന്റെയും അഭാവം മൂലം കേബിൾ
മുറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവം നിലവിലുള്ള നിബന്ധനകളുടെ പരിധിയിൽ ഉൾപ്പെടാത്ത സാഹചര്യമായതിനാൽ, ഭാവിയിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കെ.എസ്.ഇ.ബി.യും മെട്രോ ഉൾപ്പെടെയുള്ള നിർമാണ ഏജൻസികളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും ടി. ജെ. വിനോദ് എം.എൽ.എ. ആവശ്യപ്പെട്ടു.

ബ്രഹ്മപുരം മുതൽ കലൂർ സബ് സ്റ്റേഷൻ വരെയുള്ള
വൈദ്യുതി വിതരണ സംവിധാനത്തിന്റെ വലുപ്പവും
നിക്ഷേപവും കണക്കിലെടുത്ത് ഇതിന്റെ സുരക്ഷ
ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം
ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം വരെ ഏകദേശം 3.5 കി.മീ.
ഓവർഹെഡ് കേബിൾ സ്ഥാപിച്ചതിന് ശേഷം
നഗരത്തിലൂടെ ഏകദേശം 6.5 കി.മീ. അണ്ടർഗ്രൗണ്ട്
കേബിൾ സ്ഥാപിച്ചാണ് സബ് സ്റ്റേഷനുമായി
ബന്ധിപ്പിച്ചിട്ടുള്ളത്. 2020-ൽ പൂർത്തീകരിച്ച ഈ
പദ്ധതിക്ക് ഏകദേശം ₹66 കോടി ചെലവഴിച്ചിട്ടുണ്ട്.
ഇത്രയും വലിയ നിക്ഷേപം നടത്തിയ വൈദ്യുതി
വിതരണ സംവിധാനത്തിന്റെ സുരക്ഷയും
വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ
അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.

 *കളമശേരി–ഇടപ്പള്ളി–കലൂർ ലൈൻ 220 കെ.വി.യായി
നവീകരിക്കണം* 

നിലവിലെ പ്രതിസന്ധിക്ക് ഏറ്റവും ഫലപ്രദമായ
ദീർഘകാല പരിഹാരങ്ങളിലൊന്നായി
കളമശേരി–ഇടപ്പള്ളി–കലൂർ 110 കെ.വി. ഓവർഹെഡ്
ലൈൻ മൾട്ടി സർക്യൂട്ട് 220/110 കെ.വി. ലൈനായി
നവീകരിക്കുന്ന പദ്ധതി അടിയന്തരമായി
പരിഗണിക്കണമെന്നും ടി. ജെ. വിനോദ് എം.എൽ.എ.
ആവശ്യപ്പെട്ടു.

കാലങ്ങളായി മുന്നോട്ടുവയ്ക്കുന്ന ഈ നിർദ്ദേശം
നടപ്പാക്കിയാൽ കലൂർ സബ് സ്റ്റേഷനിലേക്ക് ബദൽ
മാർഗത്തിലൂടെ 220 കെ.വി. വൈദ്യുതി
എത്തിക്കുന്നതിനും നഗരത്തിന്റെ ട്രാൻസ്മിഷൻ
ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാധിക്കും.
ഭൂഗർഭ കേബിളുകളിലെ തകരാറുകൾ മൂലം
നഗരമാകെ വൈദ്യുതി പ്രതിസന്ധിയിലാകുന്ന
സാഹചര്യം ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന്
അദ്ദേഹം പറഞ്ഞു.

“ഒരു കേബിൾ തകരാറിലായാൽ നഗരത്തിന്റെ
വൈദ്യുതി വിതരണ സംവിധാനം തന്നെ
സമ്മർദ്ദത്തിലാകുന്ന അവസ്ഥ തുടരാൻ പാടില്ല. ബദൽ
ട്രാൻസ്മിഷൻ സംവിധാനം ശക്തിപ്പെടുത്തണം.
കളമശേരി–ഇടപ്പള്ളി–കലൂർ ലൈൻ നവീകരണം
ഇക്കാര്യത്തിൽ മുൻഗണന നൽകേണ്ട പദ്ധതിയാണ്,”
ടി. ജെ. വിനോദ് എം.എൽ.എ. വ്യക്തമാക്കി.

കൊച്ചി നഗരത്തിൽ വിവിധ വികസന പദ്ധതികളുടെ
ഭാഗമായി റോഡ് കട്ടിംഗ്, ഖനനം, പൈലിംഗ്
തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമായി
നടക്കുന്നതിനാൽ ഭൂഗർഭ വൈദ്യുതി കേബിളുകൾക്ക്
കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ
ശക്തമായ ഏകോപനം വേണമെന്നും എം.എൽ.എ.
ആവശ്യപ്പെട്ടു.

ഭൂഗർഭ കേബിളുകളുടെ കൃത്യമായ ഡിജിറ്റൽ
മാപ്പിംഗ് പൂർത്തിയാക്കി നിർമാണ ഏജൻസികൾക്ക്
ലഭ്യമാക്കണം. കേബിളുകൾ കടന്നുപോകുന്ന
പ്രദേശങ്ങളിൽ ഖനനം, പൈലിംഗ് തുടങ്ങിയ
പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിന് മുമ്പ്
കർശനമായ സുരക്ഷാ പരിശോധന
നിർബന്ധമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കേബിൾ തകരാറുകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള
ആധുനിക സാങ്കേതിക സംവിധാനങ്ങളും അടിയന്തര
അറ്റകുറ്റപ്പണികൾക്കായി പ്രത്യേക സാങ്കേതിക
സംഘവും ഒരുക്കേണ്ടതുണ്ട്. സ്പെയർ കേബിളുകളും
അനുബന്ധ ഉപകരണങ്ങളും ആവശ്യമായ അളവിൽ
മുൻകൂട്ടി സംഭരിക്കുന്നതിനും നടപടി വേണമെന്നും ടി.
ജെ. വിനോദ് എം.എൽ.എ. ആവശ്യപ്പെട്ടു.

കൊച്ചി  നഗരം അതിവേഗം
വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ
കെ.എസ്.ഇ.ബി., കൊച്ചി മെട്രോ, കൊച്ചി
കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ്, മറ്റ്
നിർമാണ ഏജൻസികൾ എന്നിവ തമ്മിലുള്ള
ഏകോപനം ശക്തമാക്കണം. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസന
പ്രവർത്തനങ്ങൾ വൈദ്യുതി വിതരണശൃംഖലയെ
പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ദീർഘകാല
മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്.

കലൂർ 220 കെ.വി. സബ് സ്റ്റേഷന്റെ നിലവിലെ
അവസ്ഥ അടിയന്തരമായി പരിശോധിച്ച് തകരാറിലായ
220 കെ.വി. ഫീഡറുകളുടെ അറ്റകുറ്റപ്പണി
വേഗത്തിലാക്കുന്നതിനും, ആവശ്യമായ സ്പെയർ
ഉപകരണങ്ങളും വിദഗ്ധ സാങ്കേതിക
ജീവനക്കാരെയും ലഭ്യമാക്കുന്നതിനും, കലൂർ സബ്
സ്റ്റേഷന്റെ 220 കെ.വി. ശേഷി
പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന്
ടി. ജെ. വിനോദ് എം.എൽ.എ. വൈദ്യുതി വകുപ്പ്
മന്ത്രി സണ്ണി ജോസഫിനോട് ആവശ്യപ്പെട്ടു.

അതോടൊപ്പം, കളമശേരി–ഇടപ്പള്ളി–കലൂർ 110 കെ.വി.
ലൈൻ 220/110 കെ.വി. മൾട്ടി സർക്യൂട്ട് ലൈനായി
നവീകരിക്കുന്നതിനുള്ള നടപടികൾക്ക് അടിയന്തര
മുൻഗണന നൽകണമെന്നും ടി. ജെ. വിനോദ്
എം.എൽ.എ. ആവശ്യപ്പെട്ടു.

കൊച്ചിയുടെ വികസനത്തിന് അനുസരിച്ചുള്ള
ശക്തമായ വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖല
ഉറപ്പാക്കുക എന്നത് അനിവാര്യമാണ്. ഇപ്പോഴത്തെ
പ്രതിസന്ധി താൽക്കാലികമായി
പരിഹരിക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം
പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത
പരിഹാരമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് ടി.
ജെ. വിനോദ് എം.എൽ.എ. വ്യക്തമാക്കി.

date