*ഭിന്നശേഷി വിഭാഗക്കാർക്ക് കരുതലുമായി 'കൂടെ 6.0' മേളയ്ക്ക് കളക്ടറേറ്റിൽ തുടക്കമായി*
ആഗ്രഹങ്ങളും നിശ്ചയദാർഢ്യവും ഒത്തൊരുമിക്കുന്ന നിറഞ്ഞ പുഞ്ചിരികളാണ് തൃശ്ശൂർ കളക്ടറേറ്റ് അനെക്സ് ഹാളിലെത്തുന്നവരെ വരവേൽക്കുന്നത്. ഭിന്നശേഷിവിഭാഗക്കാരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശ്ശൂർ ജില്ലാ ഭരണകൂടം ഒരുക്കുന്ന 'കൂടെ 6.0'ക്ക് തുടക്കമായി. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രദർശന-വിപണന മേള ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിവിഭാഗക്കാരിൽ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ ഉത്പന്നങ്ങൾക്ക് നല്ലൊരു വിപണിയും സ്വയംപര്യാപ്തതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും ബഡ്സ് സ്കൂളുകളിൽ നിന്നുമുള്ള കുട്ടികളും ഭിന്നശേഷിക്കാരും ചേർന്നൊരുക്കിയ കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, പലഹാരങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കൊപ്പം പ്രത്യേക ഓണം ഉത്പന്നങ്ങളും മേളയിൽ ലഭ്യമാണ്. ആകെ 22 സ്ഥാപനങ്ങളാണ് മേളയിൽ അണിനിരക്കുന്നത്.
അസിസ്റ്റന്റ് കളക്ടർ എ.എസി. പ്രീതി , അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) എം. സന്ദീപ് എന്നിവർ സംബന്ധിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, വിദ്യാഭ്യാസ വകുപ്പ് (ഡി.ഡി.ഇ.) പ്രതിനിധി ടി. ഷൈല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ മേള ഓഗസ്റ്റ് 18ന് അവസാനിക്കും. ലീഡ് ബാങ്ക്, മേരി ക്യൂറി എൻട്രൻസ് അക്കാദമി എന്നിവരുടെ സ്പോൺസർഷിപ്പോടെയും വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
- Log in to post comments