കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കമായി
തൃശൂർ കളക്ടറേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 22 വരെ നീണ്ടുനിൽക്കുന്ന മേള എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഉണ്ടായിരിക്കും.
കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന ചിപ്സ്, ശർക്കരവരട്ടി, പപ്പടം, വിവിധതരം കൊണ്ടാട്ടങ്ങൾ, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കുടുംബശ്രീ ബ്രാൻഡഡ് കറിപൗഡറുകൾ, ഹെർബൽ പ്രോഡക്ട്സ്, സോപ്പ്, നെയ്യ് എന്നിവ മേളയിൽ ലഭ്യമാണ്. കൂടാതെ, കുടുംബശ്രീ ജെ.എൽ.ജി യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, 'ഓണക്കനി' പദ്ധതിയുടെ കാർഷിക വിളകൾ, 'നിറപൊലിമ' പദ്ധതിയുടെ പൂക്കൾ എന്നിവയും പായസമേളയും ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments