സുരക്ഷിത ബോട്ട് സര്‍വീസ്: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം
ഓണാവധിയോടനുബന്ധിച്ച് സുരക്ഷിത ബോട്ട് സര്‍വീസ് ഒരുക്കാന്‍ എല്ലാ ബോട്ടുടമകളും ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫ് രജിസ്ട്രി-സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
മാര്‍ഗനിര്‍ദേശങ്ങള്‍:
*സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റു നിയമാനുസൃത രേഖകള്‍ എന്നിവയില്ലാതെയും സര്‍വീസ് നടത്തരുത്.
*എല്ലാ യാത്രക്കാരും നിയമാനുസൃത ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്ന് ബോട്ടുടമയും ജീവനക്കാരും ഉറപ്പുവരുത്തണം.
*മതിയായ യോഗ്യതയുള്ള ജീവനക്കാര്‍ മാത്രമേ ജലയാനം പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.
*ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാന്‍ പാടുള്ളൂ. അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും സഞ്ചാരികള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം.
*ഓരോ യാത്രക്കും മുമ്പ് ജലവാഹനത്തിന്റെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ ഉറപ്പുവരുത്തണം. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.
*അനുവദിക്കപ്പെട്ട സോണില്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ.
*മാലിന്യങ്ങള്‍ ജലാശയത്തിലേക്ക് വലിച്ചെറിയരുത്.
- Log in to post comments