Skip to main content

ഡി.ടി.പി.സി ഓണാഘോഷം ഓഗസ്റ്റ് 25 മുതല്‍ 28 വരെ; നാല് വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍

സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 25 മുതല്‍ 28 വരെ സംഘടിപ്പിക്കും. പാലക്കാട് രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ കേന്ദ്രങ്ങളിലായി വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളാണ് നടക്കുക.

ഓഗസ്റ്റ് 25ന് വൈകിട്ട് അഞ്ചിന് അത്താലൂര്‍ പി. ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മഠത്തില്‍ ഭാസ്‌കരനും സംഘവും -കണ്യാര്‍കളി, മണ്ണൂര്‍ ചന്ദ്രനും സംഘവും-പൊറാട്ടുകളി എന്നിവ അരങ്ങേറും. വൈകുന്നേരം ആറിനാണ് ഉദ്ഘാടന സമ്മേളനം. രാത്രി 7.30ന് സിനിമാ താരം കൃഷ്ണപ്രഭ- ഗൗരി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയും നടക്കും.

26ന് വൈകിട്ട് 5.30ന് ദേവാശ്രയം ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികള്‍, ആറിന് രാമന്‍ സ്മാരക തിറ-പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും, 6.30ന് വിപിന്‍ പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, രാത്രി 7.30ന് എസ്.എസ് മ്യൂസിക് ബാന്‍ഡ് പാലക്കാട് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ എന്നിവ ഉണ്ടായിരിക്കും.

27ന് വൈകിട്ട് 5.30ന് എലവഞ്ചേരി ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, ആറിന് വോയ്‌സ് ഓഫ് കലക്ടറേറ്റിന്റെ കരോക്കെ ഗാനമേള, രാത്രി ഏഴിന് ടി. പകാനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടു നാടകം, 7.30ന് സ്വരാലയ പാലക്കാട് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.

അവസാന ദിനമായ 28ന് വൈകിട്ട് 5.30ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 6.30ന് അട്ടപ്പാടി ഗോത്രകലാമണ്ഡലത്തിന്റെ ആട്ടം പാട്ട്, രാത്രി എട്ടിന് കൈതോല നാടന്‍ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന 'ലെഗസി ഫോക് മെഗാഷോ' എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.

മറ്റു വേദികളിലെ പരിപാടികള്‍

വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ഓഗസ്റ്റ് 26ന് വൈകിട്ട് ആറിന് അനില്‍ ഏകലവ്യ ആലുവ അവതരിപ്പിക്കുന്ന ഗസല്‍, രാത്രി എട്ടിന് മിന്ത്യ ക്രിയേഷന്‍സിന്റെ മ്യൂസിക്കല്‍ നൈറ്റ് എന്നിവ നടക്കും. 27ന് വൈകിട്ട് 6.30ന് തിരുവനന്തപുരം മൂട്ടഡ് പാട്ടുകൂട്ടം അവതരിപ്പിക്കുന്ന മലയാളം മെറ്റല്‍ ബാന്‍ഡ്, രാത്രി എട്ടിന് പാലക്കാട് നാട്ടുപൊലിക നാടന്‍ പാട്ടുസംഘത്തിന്റെ നാടന്‍പാട്ട് എന്നിവ ഉണ്ടായിരിക്കും.

ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഓഗസ്റ്റ് 26ന് വൈകിട്ട് അഞ്ചിന് സപ്തസ്വരം ഓര്‍ക്കസ്ട്രയുടെ 'മെലോഡിയസ് ഹിറ്റ്‌സ്', 6.30ന് സിനിമാ പിന്നണി ഗായകന്‍ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന 'നാട്ടുഈണങ്ങള്‍' എന്നിവ അരങ്ങേറും. 27ന് വൈകിട്ട് 5.30ന് ഡ്രീം ടീം ഓഫ് കൊച്ചിന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ സംഗീതസന്ധ്യയും 6.30ന് കോഴിക്കോട് ശ്രീലയ മ്യൂസിക് ബാന്‍ഡിന്റെ 'ഓണം വൈബ്‌സും' നടക്കും.

പോത്തുണ്ടി ഉദ്യാനത്തില്‍ ഓഗസ്റ്റ് 26ന് വൈകിട്ട് 4.30ന് വിപിന്‍സ് നാട്യാലയയുടെ 'നാട്യധ്വനി', 5.30ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും. 27ന് വൈകിട്ട് 4.30ന് 'ഉണര്‍വ്' അവതരിപ്പിക്കുന്ന കാവുവാദ്യവും ആറിന് ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന 'ആദിതാളം' - നാടന്‍പാട്ടുകളും കളികളും അരങ്ങേറും.

 

date