Skip to main content

ലോക തീരദേശ ശുചീകരണ ദിനാചരണം

ലോക തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കുഴുപ്പിള്ളി ബീച്ചിൽ വിപുലമായ തീരദേശ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. കോസ്റ്റ് ഗാർഡ് എയർ എൻക്ലേവ് കൊച്ചി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) എറണാകുളം, ഇന്ത്യ ടൂറിസം, കൊച്ചി ഓഫീസ്  ബിപിസിഎൽ റോട്ടറി ക്ലബ്, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്, എസ്.എൻ.എം. കോളേജ് മാല്യങ്കര എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ  ടോം ജോസഫ്  മുഖ്യാതിഥിയായി. 

വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ തുടങ്ങി ഏകദേശം 300 പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കുഴുപ്പിള്ളി ബീച്ചും പരിസര പ്രദേശങ്ങൾ ശുചീകരിക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള മാലിന്യങ്ങൾ നീക്കുകയും ചെയ്തു.

തീരദേശവും സമുദ്ര പരിസ്ഥിതിയും സംരക്ഷിക്കുന്നതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുക, കടലിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുക. ശുചിത്വമുള്ളതും സുസ്ഥിരവുമായ തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.

കടലിലെത്തുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സമുദ്രജീവികൾക്കും തീരദേശ ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇത്തരം കൂട്ടായ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. 

തീരദേശ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്ന സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും ദിനാചരണം സഹായകമായി. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ തലമുറയുടെ പിന്തുണ ഉറപ്പാക്കുന്നതിന് മാതൃകയായി.

തീരദേശ ശുചീകരണം ഒരു ദിവസത്തെ പ്രവർത്തനമായി മാത്രം പരിമിതപ്പെടുത്താതെ, മാലിന്യം കടലിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നത് തടയുന്നതിനുള്ള തുടർച്ചയായ ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് സംഘാടകർ അറിയിച്ചു.

date