Skip to main content

അരീക്കോട് ‘ പഞ്ചായത്തിൽ 'ഡിസ്ട്രിക്ട് കണക്ട്' പരിപാടി സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി അരീക്കോട് പഞ്ചായത്തിൽ സംഘടിപ്പിച്ച ‘ഡിസ്ട്രിക്ട് കണക്ട്’ പരിപാടിയിൽ 300ലേറെ പരാതികൾ ലഭിച്ചു. സർക്കാർ ഓഫീസുകളുടെ വാതിൽ കയറിയിറങ്ങാതെ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ജനങ്ങളിലേക്കെത്തുന്ന പരിപാടിയാണ് 'ഡിസ്ട്രിക്ട് കണക്ട്'. ഓരോ പരാതിയും വിശദമായി കേട്ട അധികൃതർ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. പരാതികളിൽ സ്ഥലപരിശോധന ആവശ്യമായവിഷയങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും കലക്ടറും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഒപ്പം കൂട്ടിയായിരുന്നു പരിശോധന. സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും കഴിയുന്നത്ര വേഗത്തിൽ പരിഹാരത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ഡിസ്ട്രിക്ട് കണക്ട്’ സംഘടിപ്പിച്ചത്. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ഒരിടത്ത് സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ തുടർനടപടികൾ കൈക്കൊള്ളുന്ന രീതിയാണ് പരിപാടിയിൽ ഒരുക്കിയത്.

 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ സലാം അധ്യക്ഷയായി. ജില്ലാ കലക്ടർ ഡോ.വിനയ് ഗോയൽ മുഖ്യാതിഥിയായി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ആയിശ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.ഡബ്ലിയു അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ടി അഷ്റഫ്, റൈയ്ഹാനത്ത് കുറുമാടൻ, സ്ഥിരസമിതി അധ്യക്ഷരായ നൂർജഹാൻ സലാം, ജിഷ പടിയൻ, മുനീർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലത്തീഫ് വെള്ളരി, സി.സൈനുൽ ആബിദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അബ്ദുൽ ഖയ്യൂം ലാല, പഞ്ചായത്തംഗം ഹനീഫ ബാബു, ഏറനാട് തഹസിൽദാർ സുനിൽ ശങ്കർ, ഡെപ്യൂട്ടി തഹസിൽദാർ അഹമ്മദ് മുസ്‌തഫ കുത്രാടൻ, പഞ്ചായത്ത് സെക്രട്ടറി എസ്.സുജാത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി കരീം മാസ്റ്റർ, ഉമ്മർ വെള്ളേരി, യു.എസ് ഖാദർ, പി.സി ശബീബ്, കെ.സാദിൽ, വാർഡംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

date