ജില്ലയുടെ തനത് സ്പീഷീസ് പ്രഖ്യാപനം: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു
പാലക്കാട് ജില്ലയുടെ തനത് ജീവിവർഗ്ഗങ്ങളെയും സസ്യങ്ങളെയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി എന്നിവയുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
ജില്ലയുടെ തനത് സ്പീഷീസ് പ്രഖ്യാപനം എന്ന് പേരിട്ട പദ്ധതിയിലേക്ക് പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ അയക്കാം.കരയിലെ സസ്യം, ജലസസ്യം, പുഷ്പം, വൃക്ഷം, ഔഷധസസ്യം, സസ്തനി, ഉരഗം, പക്ഷികൾ, മത്സ്യങ്ങൾ, ഉഭയജീവികൾ, ഷഡ്പദങ്ങൾ എന്നീ വിഭാഗങ്ങളിലേക്കാണ് നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുള്ളത്. നിർദ്ദേശിക്കുന്ന ജീവിവർഗ്ഗത്തിന്റെ മലയാളം പേര്, ശാസ്ത്രീയ നാമം, ആവാസവ്യവസ്ഥ, പ്രത്യേകതകൾ, ജില്ലയുടെ ഔദ്യോഗിക സ്പീഷീസായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്നിവ രേഖപ്പെടുത്തണം.ചിത്രങ്ങൾ ലഭ്യമാണെങ്കിൽ അവയും സമർപ്പിക്കാം. നിർദ്ദേശങ്ങൾ സെപ്റ്റംബർ 25-നകം plddcksbb@gmail.com, dptpkd@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിൽ അയക്കണം.സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ https://keralabiodiversity.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9539517632. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments