Skip to main content

എംപി മന്മഥൻ നവോത്ഥാനത്തിനു വേണ്ടി മുൻനിരയിൽ പ്രവർത്തിച്ച നേതാവ്: മുഖ്യമന്ത്രി 

 

പ്രൊഫസർ എംപി മന്മഥൻ നവോത്ഥാനത്തിനു വേണ്ടി മുൻനിരയിൽ നിന്ന് നയിച്ചയാളാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുകയും മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സഹോദര മതങ്ങളെ ചേർത്തുപിടിക്കുകയും ചെയ്ത ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഘാടകമികവിൽ ധാരാളം സംഘടനകൾ കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമിൽ  നടന്ന എംപി മന്മഥൻ അക്ഷയ പുരസ്കാര സമർപ്പണ ചടങ്ങിൽ ശ്രീകുമാരൻ തമ്പിക്ക് പുരസ്കാരം സമർപ്പിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഹൃദയത്തിൽ കവിതയുടെ കയ്യൊപ്പ് ചാർത്തിയ കവിയും ഗാനരചയിതാവുമാണ് ശ്രീകുമാരൻ തമ്പി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രഗാന രചനയ്ക്കുവേണ്ടി ഇത്രയും സമയം ചെലവഴിച്ചിലായിരുന്നുവെങ്കിൽ ശ്രീകുമാരൻ തമ്പി കുറെക്കൂടി മികച്ച കവിതകളുടെ കർത്താവായേനെ. എന്നാൽ കവിത കൂടുതലുള്ള ചലച്ചിത്ര ഗാനങ്ങളാണ് അദ്ദേഹം നമുക്ക് നൽകിയത്. മലയാളിയെ കവിതയോടും ഗാനങ്ങളോടും അടുപ്പിച്ച മുൻനിരക്കാരനായ ഗാനരചയിതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  വായിക്കുന്തോറും നമ്മുടെ അറിവില്ലായ്മയെ കുറിച്ച് നമുക്ക് കൂടുതലായി ബോധ്യപ്പെടും എന്നും വായനാശീലം വളരെ ചെറുപ്പത്തിലെ ഉണ്ടാകണമെന്നും സദസ്സിലുള്ള വിദ്യാർത്ഥികളോട് മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടമുള്ള വിഷയത്തോട് പ്രണയമുണ്ടാവുക, അതിൽ അങ്ങേയറ്റം ജ്ഞാനം ഉള്ളവരായി തീരുക. റോബിൻ ശർമയുടെ ലീഡർഷിപ്പ് വിത്തൗട്ട് ടൈറ്റിൽ എന്ന പുസ്തകം പ്രതിപാദിച്ചുകൊണ്ട് ഒരു സ്ഥാനത്തുമില്ലെങ്കിലും എല്ലാവരുടെയും ഉള്ളിലും ഒരു നേതാവിന്റെ ഗുണം ഉണ്ടായിരിക്കുമെന്നും അത് വളർത്തിയെടുക്കാൻ വിദ്യാർഥികൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ ഏകലോചനം, ശരപുത്രി, അകത്തേക്ക് തുറക്കുന്ന വാതിലുകൾ എന്നീ പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള മുഖ്യാതിഥിയായിരുന്നു.  

എംപി മന്മഥന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പുരസ്കാര ജേതാവ് ശ്രീകുമാരൻ തമ്പി പറഞ്ഞു. എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി രാമചന്ദ്രൻ, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം പ്രസിഡന്റ് ഇ എൻ  നന്ദകുമാർ, ഗുജറാത്തിലെ കേരള കലാസമിതി അധ്യക്ഷൻ സുരേഷ് പി നായർ എന്നിവരെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.

date