കുടിവെള്ളത്തിന് അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഈടാക്കുന്നത് ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം
കേരള വാട്ടർ അതോറിറ്റി കുടിവെളളം വിതരണം ചെയ്യുമ്പോൾ വെള്ളത്തിൻ്റെ ചാർജ് കൂടാതെ അഡ്‌മിനിസ്‌ട്രേറ്റീവ് ചാർജും ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം. ടി ജെ വിനോദ് എം എൽ എ അവതരിപ്പിച്ച പ്രമേയം ഷിബു തെക്കുംപുറം എം എൽ എ പിന്താങ്ങി. പ്രമേയം വ്യക്തമാക്കി സർക്കാരിലേക്ക് അടിയന്തരമായി കത്ത് അയക്കുമെന്നും ടി ജെ വിനോദ് എം എൽ എ പറഞ്ഞു. വടുതല, പച്ചാളം, ചേരാനല്ലൂർ, അയ്യപ്പൻകാവ് എന്നീ മേഖലകളിലെ ജലക്ഷാമത്തിന് വേഗത്തിൽ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തിൽ പൊതു ഇടങ്ങളിൽ നാടോടികൾ കൂട്ടമായി താമസിക്കുന്നതും ട്രാഫിക് സിഗ്നലുകളിൽ കുട്ടികളുമായി ഭിക്ഷ യാചിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചു വരുന്നതും എം എൽ എ ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കുന്നതിനായി കോർപ്പറേഷൻ, പൊലീസ്, ഡി സി പി ഒ എന്നിവരുടെ നേതൃത്വത്തിൽ ജോയിൻ്റ് ഇൻസ്പെക്ഷൻ നടത്തണമെന്ന് യോഗത്തിന് അധ്യക്ഷ വഹിച്ച ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശം നൽകി.
തങ്കളം -കോഴിപ്പിള്ളി ബൈപ്പാസിൻ്റെ ബാക്കി വരുന്ന നിർമാണ പ്രവർത്തനങ്ങളും കുടമുണ്ട പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നും ഷിബു തെക്കുംപുറം എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. ഇറിഗേഷൻ കനാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്നും എം എൽ എ പറഞ്ഞു.
അത്താണി പാലം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി പാലം നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉമ തോമസ് എം എൽ എ നിർദ്ദേശിച്ചു. കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഐ എം ജി വരെ അനധികൃത പാർക്കിംഗ് മൂലം ഗതാഗത തടസം നേരിടുന്നുണ്ടെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. അനധികൃത പാർക്കിംഗ് പരിശോധിക്കാൻ സിറ്റി പൊലീസിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
അധ്യാപകരുടേയും ജീവനക്കാരുടേയും നിയമന ഫയലുകളുടെ പുരോഗതി മുഖ്യമന്ത്രിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. അദാലത്തുകളും, ആഴ്ചതോറും അലോകനവും നടത്തുണ്ടെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡിഷണൽ ജില്ലാ മജിസ്ടേറ്റ് കെ. മനോജ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്‌ഥേ സായ് കൃഷ്‌ണ, മലയാറ്റൂർ ഡി എഫ് ഒ പി. കാർത്തിക് , ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ജ്യോതി മോൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments