Skip to main content

അറിയിപ്പുകൾ

 

ഇ ടെൻഡർ ക്ഷണിച്ചു

 

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-2027 ജനകീയാസൂത്രണ പദ്ധതിയിലെ പൊതുമരാമത്തു പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ഇ - ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.etenders.kerala.gov.in, ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് എൽ ഐ ഡി ആൻഡ് ഇ ഡബ്ല്യു സെക്ഷൻ, അസിസ്റ്റൻ്റ് എൻജിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും.

 

പട്ടികജാതി-പട്ടിക വർഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം 

കേരള നിയമസഭയുടെ പട്ടികജാതി-പട്ടിക വർഗ്ഗ ക്ഷേമം സംബന്ധിച്ച കമ്മിറ്റി,  28 (തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് എറണാകുളം ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കമ്മിറ്റിയുടെ പരിഗണനയിലുള്ളതും എറണാകുളം ജില്ലയിൽ നിന്നും കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളതുമായ ഹർജികളിന്മേൽ ഹർജിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തുകയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഹർജികൾ/നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്യും. തുടർന്ന് പാരമ്പര്യ ഈറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് - ലെ അധികൃതരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും.

കമ്മിറ്റി മുമ്പാകെ ഹർജികളും നിവേദനങ്ങളും സമർപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനാപ്രതിനിധികൾക്കും കമ്മിറ്റി ചെയർപേഴ്സണെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ ഹർജി നിവേദനങ്ങൾ യോഗത്തിൽ നേരിട്ട് സമർപ്പിക്കാവുന്നതാണ്.

 

ഉപതിരഞ്ഞെടുപ്പ്: സെൻ്റ് ആൽബർട്ട്‌സ് ഹയർ സെക്കൻഡറി സ്കൂളിന് നാളെ (സെപ്റ്റംബർ 28)അവധി

എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ 28ന്  അയ്യപ്പൻകാവ് സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിന്  ജില്ലാ കളക്ടർ ജി പ്രിയങ്ക അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപ്പറേഷനിലെ 19-ാം വാർഡായ അയ്യപ്പൻകാവിലെ പോളിംഗ് സ്റ്റേഷൻ  (മൂന്ന്) സെന്റ് ആൽബർട്ട്‌സ് എൽ.പി.എസ്. പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്. ഇത് കണക്കിലെടുത്താണ് അവധി.

 

നോർക്ക അറ്റസ്റ്റേഷൻ 

സെപ്റ്റംബർ 28 ന് (തിങ്കളാഴ്ച) നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.

 

ഗതാഗത നിയന്ത്രണം

 പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം നോർത്ത് പറവൂർ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന്റെ അധികാര പരിധിയിൽ വരുന്ന ആലുവ പറവൂർ റോഡിൽ ആനച്ചാൽ മുതൽ മുനിസിപ്പൽ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി (27) മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

ഗതാഗത നിയന്ത്രണം

 കോതമംഗലം താലൂക്കിൽ ആയക്കാട്-മുത്തംകുഴി-വേട്ടാംപാറ റോഡിൽ തണ്ണിക്കോട്ട് പാലത്തിന്റെയും ചേർന്നുള്ള കലുങ്കിന്റെയും പുനർനിർമ്മാണം നടത്തുന്നതിനായി 22 മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതായി അറിയിച്ചിരുന്നു. എന്നാൽ, പ്രദേശത്ത് ഉണ്ടായിരുന്ന മഴയും തണ്ണിക്കോട്ട് തോട്ടിലൂടെയുള്ള ശക്തമായ നീരൊഴുക്കും കാരണം  പ്രവൃത്തി 28 തീയതിയിലേക്ക് മാറ്റിവെച്ചു. 28 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഈ റോഡിൽ പൂർണ്ണമായും ഗതാഗത നിരോധനം ഉണ്ടായിരിക്കും.
തങ്കളം ആയക്കാട് ഭാഗത്തു നിന്നും വെറ്റിലപ്പാറയ്ക്കു പോകുന്ന വാഹനങ്ങൾ അയിരൂർപാടം-മുത്തംകുഴി വഴിയും, വെറ്റിലപ്പാറ- ആനോട്ട്പാറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പിണ്ടിമന-അയിരൂർപാടം വഴിയോ പിണ്ടിമന-രാമല്ലൂർ വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്ന് കോതമംഗലം ദേശീയ പാത ( നിരത്ത് ) ഉപവിഭാഗം അസി. എക്സി. എഞ്ചിനിയർ അറിയിച്ചു.

 

ടെൻഡർ ക്ഷണിച്ചു 

അങ്കമാലി ഐസിഡിഎസ് ൻ്റെ പരിധിയിലുള്ള 101 അങ്കണവാടികളിൽ 2026-27 സാമ്പത്തിക വർഷത്തിൽ പ്രീ-സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന്  വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാ നത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു.

ടെണ്ടർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്.  ഫോൺ നമ്പർ: 9188959720, 9400895547

 

ജില്ലാ സിവിൽ സർവീസ് കായിക മേള 

എറണാകുളം ജില്ലാ സിവിൽ സർവീസ് കായിക മേള  29, 30 തിയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, മഹാരാജാസ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. 

അത്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ. ബാസ്കറ്റ്ബോൾ, ക്യാരംസ്, ചെസ്സ്, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി, ഖോ- ഖോ, ലോൺ ടെന്നീസ്, പവർലിഫ്റ്റിംഗ്. ബെസ്റ്റ് ഫിസിക്, നീന്തൽ, ടേബിൾ ടെന്നീസ്, വോളീബോൾ, ഗുസ്തി, യോഗ, വെയിറ്റ് ലിഫ്റ്റിങ് എന്നീ കായിക ഇനങ്ങളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ. പേര്, പെൻ നമ്പർ, തസ്തിക എന്നിവ അടങ്ങിയ മേലധികാരിയുടെ സർട്ടിഫിക്കറ്റോടെ പി ടി ഉഷ റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്ട് കൗൺസിലിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ  29ന് രാവിലെ എട്ടു മണിക്ക് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ എത്തണം. പങ്കെടുക്കുന്നവർക്ക് 200 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 9526032962, 9447505598

 

അജ്ഞാത മൃതദേഹം

സെപ്റ്റംബർ10ന് രാത്രി 9:30 മണിക്ക് എറണാകുളം കെഎസ്ആർടിസി സ്റ്റാന്റ് ഭാഗത്ത് വെച്ച് ട്രെയിനിടിച്ച് പരിക്കേറ്റ് എറണാകുളം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കുമ്പോൾ 11 ന്  മരണപ്പെട്ട ഉദ്ദേശം 52 വയസ്സുപ്രായം തോന്നിക്കുന്ന മാവേലിക്കര സ്വദേശിയെന്ന് പറയുന്ന സുരേഷ് എന്നയാളുടെ മൃതദേഹം ആശുപത്രിയിലെ മോർച്ചറി യിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ  കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. മരിച്ചയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ എറണാകുളം സെന് ട്രൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

എസ് എച്ച് ഒ: 9497987103
സെൻട്രൽ പോലീസ് സ്റ്റേഷൻ: 0484-2394500
ഇ-മെയ്ൽ: shocentralekm.pol@kerala.gov.in

 

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് കൊച്ചിയിൽ 

സംസ്ഥാന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. എറണാകുളം മഹാരാജാസ്  കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 നാണ് ഉദ്ഘാടനം. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 11 കമ്മിറ്റികളുള്ള സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണയോഗത്തിൽ ടി.ജെ. വിനോദ് എം എൽ എ, മേയർ വി.കെ. മിനിമോൾ, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date