സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങള്‍ സമഗ്രവും സുരക്ഷിതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന 'സേഫ്'പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഭവന നവീകരണത്തിനായി രണ്ടു ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി അനുവദിക്കുന്നത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
2006 ഏപ്രില്‍ 1-ന് ശേഷം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയവരായിരിക്കണം അപേക്ഷകര്‍. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെയും മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഢു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കൈപ്പറ്റിയവരെയും ഈ ആനുകൂല്യത്തിന് പരിഗണിക്കുന്നതല്ല.
മേല്‍ക്കൂര പൂര്‍ത്തീകരണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്‌ലോറിംഗ്, സമ്പൂര്‍ണ്ണ പ്ലാസ്റ്ററിംഗ്, വൈറ്റ് വാഷ്, ചുമര്‍ പെയിന്റിങ്, ഇലക്ട്രിക്കല്‍ വയറിങ്, പ്ലംബിങ്, ശുചിത്വ ടോയ്‌ലറ്റ് നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് തുക അനുവദിക്കുന്നത്. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട ബ്ലോക്ക് അല്ലെങ്കില്‍ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം.
- Log in to post comments