തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 7 മുതൽ കുന്നംകുളത്ത് നടക്കും*
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ നടത്തുമെന്ന് എ. സി. മൊയ്തീൻ എം. എൽ. എ. വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ സീനിയർ വിഭാഗത്തിൽ രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇൻക്ലൂസീവ് സ്പോർട്ട്സ് മത്സരങ്ങളും സംഘടിപ്പിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കായികോത്സവത്തിൽ 3,668 കായികതാരങ്ങൾ പങ്കെടുക്കും. പ്രതിദിനം ആയിരത്തോളം താരങ്ങൾ മാറ്റുരയ്ക്കുന്ന മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കായികമേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല ടി. പതാക ഉയർത്തും. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം എ. സി. മൊയ്തീൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ പി. ജി. ജയപ്രകാശ് അധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല ടി., ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്റ്റിവി, പബ്ലിസിറ്റി ചെയർമാൻ ശ്രീജിത്ത് ആവേൻ, കൺവീനർ പി. എം. സിജോ, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments