ഓഡിറ്റ് കുരുക്കുകൾ അഴിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ “സ്വസ്ഥം തദ്ദേശം”; ജനപ്രതിനിധികളുടെ ശില്‍പ്പശാല സംഘടിപ്പിച്ചു
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പ് കൽപ്പിക്കാൻ ബാക്കിയുളള ഓഡിറ്റ് പരാമര്‍ശങ്ങള്‍ പരിഹരിക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ നൂതന പദ്ധതിയായ “സ്വസ്ഥം തദ്ദേശം“ ആരംഭിച്ചു. പദ്ധതിയുടെ ആദ്യപടിയായി ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലേയും 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമായി ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. എൽ. എസ്. ജി. ഡി. ജോയിന്റ് ഡയറക്ടര്‍ എന്‍. കെ. ഹരീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സ്‍നിഗ്‍ധ, ഓഡിറ്റ് ഓഫീസര്‍ ഇ.വി. ഹരി, ഡെപ്യൂട്ടി ഡയറക്ടർ ജസീർ, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്, അസി.ഡയറക്ടര്‍ അനില്‍കുമാര്‍ നൊച്ചിയില്‍, പി. പ്രകാശൻ എന്നിവര്‍ ക്ലാസെടുത്തു. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ എ. രാജേഷ് സ്വാഗതവും ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി. മനോജ് നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏറ്റവും ഒടുവിലത്തെ മൂന്നു വര്‍ഷങ്ങളിലെ ഓഡിറ്റ് തടസ്സങ്ങളാണ് പരിശോധിച്ച്, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായത്തോടെ പരിഹരിക്കുവാന്‍ പോകുന്നത്. ബ്ലോക്ക് തലത്തിൽ ഓഡിറ്റ് മിത്രങ്ങളുടെ സഹായത്തോടെ നവംബറിൽ ക്ലിനിക്കുകൾ നടത്തും.സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ മേൽനോട്ടത്തിൽ നവംബർ, ഡിസംബർ മാസങ്ങളിലായി ഓഡിറ്റ് അദാലത്തുകൾ നടത്തി തടസ്സങ്ങളിൽ തീർപ്പ് കൽപ്പിക്കും.
തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ ധനപരമായ അടിത്തറ ഭദ്രമാക്കുന്നതിനും ഓഡിറ്റ് കുരുക്കുകള്‍ അഴിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കർമ്മപഥത്തിൽ ക്രിയാത്മകമാക്കുന്നതിനുമായാണ് 'സ്വസ്ഥം തദ്ദേശം പദ്ധതി' നടപ്പിലാക്കുന്നത്. ഇതിനായി വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍മാര്‍ ഓഡിറ്റ് മിത്രങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കും.
- Log in to post comments