വോട്ടർ പട്ടികയിൽ പേര് ചേർക്കാം: ഒക്ടോബർ 15 മുതൽ ജില്ലയിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ജില്ലയിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കും പുതുതായി പേര് ചേർക്കാനുള്ളവർക്കും അവസരം പ്രയോജനപ്പെടുത്താം.
ഒക്ടോബർ 15 മുതൽ 31 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്ക്കുകളും പ്രവർത്തിക്കും.മുൻപുണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോറം ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ അപേക്ഷകർക്ക് ഫോറം 6 മാത്രം ഓൺലൈനായി സമർപ്പിക്കാം. സിറ്റിസൺ സർവീസ് പോർട്ടൽ വഴിയോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയോ ഫോം 6 ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷയോടൊപ്പം സ്വന്തം, ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖ കൂടി സമർപ്പിക്കണം. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ്, പെൻഷൻ പെയ്മെന്റ് ഓർഡർ, യോഗ്യതയുള്ള അധികാരികൾ നൽകുന്ന ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡുകൾ/ സർവകലാശാലകൾ നൽകുന്ന മെട്രിക്യുലേഷൻ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, യോഗ്യതയുള്ള സംസ്ഥാന അധികാരി നൽകുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ഒ ബി സി/ എസ് സി/ എസ് ടി അല്ലെങ്കിൽ യോഗ്യതയുള്ള അധികാരികൾ നൽകുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്, ദേശീയ പൗരത്വ രജിസ്റ്റർ, സംസ്ഥാന /തദ്ദേശീയ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ, സർക്കാർ നൽകുന്ന ഏതെങ്കിലും ഭൂമി/ വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയൽ രേഖകളായി പരിഗണിക്കും. ആധാർ സമർപ്പിക്കുന്നവർ അനുബന്ധ രേഖ കൂടി സമർപ്പിക്കേണ്ടതാണ്.
യുവവോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ 'ക്യാമ്പസ് ടു ബൂത്ത്' എൻറോൾമെന്റ് ഡ്രൈവ് നടത്തും. നവംബർ രണ്ട് മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന എൻറോൾമെൻറ് ഡ്രൈവ് വഴി വിദ്യാർത്ഥികളെ തിരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments