Skip to main content

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക എന്റോള്‍മെന്റ് നടത്തും

വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സംസ്ഥാന  വ്യാപകമായി പ്രത്യേക
എന്റോള്‍മെന്റ് ഡ്രൈവ് നടത്താന്‍ തീരുമാനിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 31 വരെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഡിജിറ്റല്‍ ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിക്കും.

നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷന്‍ ഫോറം ഒഴിവാക്കിയതിനാല്‍ അപേക്ഷകര്‍ നിയമപ്രകാരമുള്ള ഫോറം 6 മാത്രം (സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍/വോട്ടര്‍ ഹൈല്‍പ്പ്ലൈന്‍ ആപ്പ് വഴി) സമര്‍പ്പിച്ചാല്‍ മതി. അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോ, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ ജനന തീയതി തെളിയിക്കുന്ന മറ്റൊരു രേഖ കൂടി സമര്‍പ്പിക്കണം. തുടര്‍ന്നുള്ള പരിശോധനകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍  വീടുകളില്‍ നേരിട്ടെത്തി പൂര്‍ത്തിയാക്കും.

ഇതിന് മുന്നോടിയായി 2025 ജനുവരി ഒന്നിന് നിലവില്‍ വന്ന വോട്ടര്‍പട്ടികയും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നിലവില്‍ വന്ന വോട്ടര്‍ പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ സമയത്ത് തിരികെ ലഭിക്കാത്ത  അപേക്ഷകളില്‍ എത്രയെണ്ണം ഇലക്ഷന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടാതെയുണ്ട് എന്നതില്‍ ഇ.ആര്‍.ഒ തലത്തില്‍ പരിശോധന നടത്തും.

യുവവോട്ടര്‍മാര്‍ക്കിടയില്‍ വോട്ടര്‍ അവബോധം നടത്തുന്നതിന്റെ ഭാഗമായി കോളേജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ 'ക്യാമ്പസ് ടു ബൂത്ത്' എന്ന പേരില്‍ എന്റോള്‍മെന്റ്റ് ഡ്രൈവ് നടത്തും. സ്റ്റെപ്പ് ഫോര്‍വേഡ്, ഗെറ്റ് കൗണ്ടഡ് എന്ന ടാഗ് ലൈനോടെ നവംബര്‍ 2 ന് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന എന്റോള്‍മെന്റ് ഡ്രൈവ് നടത്തും. ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍ വഴി പരമാവധി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് അവബോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനുള്ള നടപടിയും സ്വീകരിക്കും.

date