Skip to main content

കേരള AI ഗ്രാന്റ് ചാലഞ്ച് കൊച്ചി എഡിഷൻ സമാപിച്ചു

കേരള സർക്കാരിന്റെ എഐ ഉദ്യമമായ 'കേരള എഐ ഗ്രാന്റ് ചാലഞ്ച് 2026' കൊച്ചി റീജിയണൽ എഡിഷന് ഉജ്ജ്വല സമാപനം. കൊച്ചി ജെയിൻ (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി) സർവകലാശാലയിൽ നടന്ന ചടങ്ങിൽ, തെരഞ്ഞെടുക്കപ്പെട്ട 55 ടീമുകളിൽ നിന്നായി 250-ലധികം വിദ്യാർത്ഥികൾ തങ്ങളുടെ എഐ അധിഷ്ഠിത പരിഹാരങ്ങൾ അവതരിപ്പിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളെയും ഉൾപ്പെടുത്തി തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി നടത്തുന്ന അഞ്ച് റീജിയണൽ ചാലഞ്ചുകളിൽ ഒന്നാണ് കൊച്ചിയിൽ അരങ്ങേറിയത്. കൃത്രിമബുദ്ധി (AI) കേവലം പഠനവിഷയം മാത്രമാക്കാതെ, പ്രായോഗിക ജീവിതത്തിലെ വെല്ലുവിളികൾ പരിഹരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി 120-ലധികം രജിസ്ട്രേഷനുകൾ ലഭിച്ചതിൽ നിന്നാണ് 55 ടീമുകളെ റീജിയണൽ ഹാക്കത്തോണിലേക്ക് തെരഞ്ഞെടുത്തത്. മാരിടൈം & ഷിപ്പിംഗ്, ലോജിസ്റ്റിക്സ് & ട്രാൻസ്പോർട്ടേഷൻ, സപ്ലൈ ചെയിൻ & ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾക്കാണ് വിദ്യാർത്ഥികൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാതൃകകൾ (prototypes) തയ്യാറാക്കിയത്.
ജെയിൻ സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ ഐബിഎം (IBM) നോളജ് & ടെക്നോളജി പാർട്ണറാവുകയും, കേരള സ്റ്റേറ്റ് ഐടി മിഷൻ (KSITM) പിന്തുണ നൽകുകയും ചെയ്തു. ഹാക്കത്തോണിന് മുന്നോടിയായി ഐബിഎം വിദ്യാർത്ഥികൾക്കായി പ്രത്യേക ടെക്നിക്കൽ ബൂട്ട്ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
പരിപാടിയിൽ സംസാരിച്ച ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു:
"നമുക്ക് ചുറ്റുമുള്ള പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിൽ നിന്നാണ് എഐ ഇന്നൊവേഷൻ ആരംഭിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ വഴി പരിഹരിക്കാൻ കഴിയുന്ന പല പ്രശ്നങ്ങളും നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഒരു സൂപ്പർമാർക്കറ്റ് സന്ദർശിച്ചാൽ പോലും ഇത്തരത്തിലുള്ള പല അവസരങ്ങളും കണ്ടെത്താം. വിദ്യാർത്ഥികൾ അവ നിരീക്ഷിച്ച് എഐ വഴി എന്ത് പരിഹാരം കാണാം എന്ന് ചിന്തിക്കുകയാണ് വേണ്ടത്."
 

ചടങ്ങിൽ 1.25 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്തു. ഇൻഫോപാർക്ക് സിഇഒ  സുശാന്ത് കുറുന്തിൽ മുഖ്യാതിഥിയും, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഒഒ  ടോം തോമസ് വിശിഷ്ടാതിഥിയുമായിരുന്നു. കൂടാതെ കേരള സർക്കാർ ലീഡ് ഐടി സ്ട്രാറ്റജിസ്റ്റ്  ശ്രീനാഥ് ജ്ഞാനേശ്വർ, ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. ജെ ലത ജാനകി, ഡയറക്ടർ ഡോ. ടോം എം ജോസഫ്, ഐബിഎം പ്രതിനിധി രതീഷ് മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി എഡിഷൻ വിജയകരമായി സമാപിച്ചതോടെ, അടുത്ത റീജിയണൽ എഡിഷനുകളിലൂടെ സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം ലഭ്യമാകും. ആശയങ്ങളിൽ മാത്രം ഒതുങ്ങാതെ അവ യാഥാർത്ഥ്യമാക്കി മാറ്റാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് കേരള എഐ ഗ്രാന്റ് ചാലഞ്ചിന്റെ ലക്ഷ്യം.

date