Skip to main content

ലഹരിക്കെതിരെ എക്‌സൈസ്: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തം

ജില്ലയില്‍ ശക്തമായ പ്രതിരോധ- എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി എക്‌സൈസ് വകുപ്പ്. കഴിഞ്ഞ നാലര മാസത്തിനിടെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനകളില്‍ ലഹരിശേഖരവും ചെക്‌പോസ്റ്റുകളിലെ വാഹനപരിശോധനകളില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2,63,53,000 രൂപയും പിടിച്ചെടുത്തു. അബ്കാരി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 798 കേസുകളിലായി 698 പേരെയും, നിരോധിത ലഹരിമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് എന്‍.ഡി.പി.എസ് നിയമപ്രകാരം എടുത്ത 337 കേസുകളില്‍ നിന്നായി 286 പേരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സിഗരറ്റ് ആന്‍ഡ് അദര്‍ ടൊബാക്കോ (കോട്പ) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത 5,493 കേസുകളില്‍ നിന്നായി 10,97,600 രൂപ പിഴ ഈടാക്കി.

580 കിലോഗ്രാമിലധികം പുകയില ഉത്പന്നങ്ങള്‍, 24188 ലിറ്റര്‍ വാഷ്, 736 ലിറ്റര്‍ സ്പിരിറ്റ്, 240.100 ലിറ്റര്‍ ചാരായം, 2950 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 17.550 ലിറ്റര്‍ ബിയര്‍, 1890.500 ലിറ്റര്‍ കള്ള്, 11.400 ലിറ്റര്‍ അരിഷ്ടം, 8.080 ലിറ്റര്‍ വ്യാജമദ്യം, 237.843 കിലോഗ്രാം കഞ്ചാവ്, 4,144 കഞ്ചാവ് ചെടികള്‍, 0.780 ഗ്രാം ഹെറോയിന്‍, 7.865 ഗ്രാം ഹാഷിഷ് ഓയില്‍, 10.19 ഗ്രാം എം.ഡി.എം.എ, 748.498 ഗ്രാം മെത്താംഫെറ്റമിന്‍, 0.039 ഗ്രാം എല്‍.എസ്.ഡി, 20.740 ഗ്രാം നൈട്രോസെപാം ഗുളികകള്‍, 63.607 ഗ്രാം ട്രാമഡോള്‍, 3.2 കിലോഗ്രാം ചന്ദനം തുടങ്ങിയവയാണ് പരിശോധനകളില്‍ പിടിച്ചെടുത്തത്.

'മയങ്ങില്ല കേരളം': ക്യാമ്പസുകളിലും തദ്ദേശതലത്തിലും പ്രതിരോധം

ലഹരിക്കെതിരെ പൊതുസമൂഹത്തെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'മയങ്ങില്ല കേരളം' ജനകീയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവമാണ്. സ്‌കൂളുകളിലും കോളജുകളിലും രൂപീകരിച്ച 'തണ്ടര്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബുകള്‍' കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലയിലെ 86 കോളജുകള്‍, 47 ഹോസ്റ്റലുകള്‍, 396 ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിലവില്‍ ക്ലബുകള്‍ സജീവമാണ്. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഓരോ ക്ലബും ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് കോളജുകളില്‍ ഗവ. വിക്ടോറിയ കോളജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് എന്നിവയെ ഇതിനകം സമ്പൂര്‍ണ ലഹരിമുക്ത (ഡ്രഗ് ഫ്രീ) ക്യാമ്പസുകളായി പ്രഖ്യാപിച്ചു. തദ്ദേശതലത്തിലും പ്രതിരോധം ഉറപ്പാക്കാന്‍ ജില്ലയിലെ 1,878 വാര്‍ഡുകളിലും ജനജാഗ്രത സമിതികള്‍ രൂപീകരിച്ചു. ലഹരിയിലേക്ക് തിരിയാന്‍ സാധ്യതയുള്ള കുട്ടികളെ കണ്ടെത്താനും ബോധവല്‍ക്കരണം നല്‍കാനും ഓരോ വാര്‍ഡിലും രണ്ട് വൊളന്റിയര്‍മാര്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ട്.

ചികിത്സയും പുനരധിവാസവും

ലഹരി ഉപയോഗത്തില്‍ അകപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൗണ്‍സിലിംഗ്, മെഡിക്കല്‍ ചികിത്സ, ഡി-അഡിക്ഷന്‍ പരിചരണം എന്നിവയും ഒരുക്കുന്നു. ലഹരിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനും വിവിധ സേവനങ്ങള്‍ക്കുമായി 'മയങ്ങില്ല കേരളം' ഔദ്യോഗിക വെബ്‌സൈറ്റ് പോര്‍ട്ടലും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ലഹരി മുഖേനയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് ഇന്റലിജന്‍സ് സേനയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍ സുധീര്‍ അറിയിച്ചു.
 

date