Skip to main content

കുഴുപ്പിള്ളി ബീച്ച് വികസനത്തിലേക്ക്:  പ്രവർത്തനങ്ങൾ വിലയിരുത്തി എംഎൽഎ

 വൈപ്പിൻ കോറിഡോർ പദ്ധതിയുടെ ഭാഗമായി കുഴുപ്പിള്ളി ബീച്ചിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി  എംഎൽഎ ടോണി ചമ്മണി. ബീച്ചിന്റെ നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ ഉതകുന്നതുമായ പദ്ധതി ടൂറിസം വകുപ്പുമായി ചേർന്ന് സർക്കാറിന് കൈമാറുമെന്നും എംഎൽഎ അറിയിച്ചു.

 പ്രധാന റോഡിലൂടെ കടന്നു പോകുന്ന സഞ്ചാരികളുടെ ശ്രദ്ധ ആകർഷിച്ച് അവരെ ബീച്ചിലേക്ക് എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താനും എംഎൽഎ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി ബീച്ചിലേക്കുള്ള സ്വാഗത ബോർഡുകൾ, ആകർഷകമായ സെൽഫി പോയിന്റുകൾ, വിവിധ വിനോദ-പ്രവർത്തന മേഖലകൾ, ഫുഡ്‌ ട്രക്ക്സ്,  സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സിസിടിവി സംവിധാനം തുടങ്ങിയവ ഉൾപ്പെടുത്തും.

കൂടാതെ, തീം അടിസ്ഥാനമാക്കിയുള്ള വിനോദ മേഖലകൾ, തെരുവുവിളക്കുകൾ, ബീച്ച് ബെഞ്ചുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായ നൂതന  നിർദേശങ്ങൾ സമർപ്പിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.

കുഴുപ്പിള്ളി ബീച്ചിനെ കൂടുതൽ മനോഹരവും സുരക്ഷിതവും സന്ദർശക സൗഹൃദവുമായ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലിജി തദേവൂസ്, വൈസ് പ്രസിഡന്റ്‌ എം എം പ്രമുഖൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിന്ധു രാജൻ, ജലജ രഘു,ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അജീഷ്, ടൂറിസം ഇൻഫോ ഓഫീസർ സുനിത,  പ്രൊജക്റ്റ് എൻജിനീയർ ശ്രീജ,കടലോര ജാഗ്രത സമിതി അംഗം ദേവദാസ് എന്നിവർ പങ്കെടുത്തു.

date