ഗവേഷണ പങ്കാളിത്തത്തിന് എൻജിനീയറിങ് കോളേജുകളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ
വൈദ്യുതി മേഖലയിലെ വെല്ലുവിളികൾക്ക് നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിൽ നിന്ന് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഗവേഷണ പങ്കാളിത്തത്തിനുള്ള താൽപര്യപത്രം ക്ഷണിച്ചു. വൈദ്യുതി മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ഗവേഷകരുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, കമ്മീഷന്റെ പ്രവർത്തനങ്ങൾക്കും വൈദ്യുതി മേഖലയുടെ വികസനത്തിനും സഹായകമായ ഗവേഷണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.
സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിന് രണ്ട് ഘട്ടങ്ങളുള്ള പ്രക്രിയയാണ് കമ്മീഷൻ ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ സ്ഥാപനങ്ങളുടെ ഗവേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുൻപരിചയവും വിലയിരുത്തി അനുയോജ്യമായ കോളേജുകളെ എംപാനൽ ചെയ്യും. ഈ ഘട്ടത്തിൽ വിശദമായ പദ്ധതി നിർദേശം ആവശ്യമില്ല. രണ്ടാംഘട്ടത്തിൽ, കമ്മീഷൻ നിർദേശിക്കുന്ന പ്രത്യേക പദ്ധതികൾക്കോ കോളേജുകൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കോ വിശദമായ പദ്ധതി രേഖകൾ സമർപ്പിക്കാൻ സ്ഥാപനങ്ങളെ ക്ഷണിക്കും. സാങ്കേതിക മികവ്, കമ്മീഷന്റെ ആവശ്യങ്ങൾക്കുള്ള പ്രസക്തി, പ്രതീക്ഷിക്കുന്ന ഫലങ്ങൾ, സമയക്രമം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാകും വിലയിരുത്തൽ.
പുനരുപയോഗ ഊർജം, ഊർജ ട്രാൻസ്മിഷൻ, ഊർജ സംഭരണം, നിർമിത ബുദ്ധി, ഡാറ്റ വിശകലനം, വൈദ്യുതി വിപണി, എനർജി ഇക്കണോമിക്സ്, വൈദ്യുതി സംവിധാനങ്ങളുടെ ആസൂത്രണവും പ്രവർത്തനവും, ഉപഭോക്തൃ സംരക്ഷണം, വൈദ്യുത വാഹനങ്ങൾ, ഡിമാൻഡ് സൈഡ് മാനേജ്മെന്റ് എന്നിവയാണ് താൽപര്യമേഖലകൾ. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മറ്റ് നൂതന വിഷയങ്ങളും സ്ഥാപനങ്ങൾക്ക് നിർദേശിക്കാം. ഓരോ പദ്ധതിയുടെയും ധനസഹായം, ഡാറ്റ ലഭ്യത, ബൗദ്ധിക സ്വത്തവകാശം, പ്രസിദ്ധീകരണാവകാശം തുടങ്ങിയ വ്യവസ്ഥകൾ പ്രത്യേകം തീരുമാനിക്കും.
അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. താൽപര്യമുള്ള സ്ഥാപനങ്ങൾ ഒന്നാംഘട്ടത്തിലേക്കുള്ള അപേക്ഷ https://eoi.kserc.sbs/ എന്ന ലിങ്ക് വഴി നവംബർ 6-ന് വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണം. വിശദവിവരങ്ങളും മാർഗനിർദേശങ്ങളും കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.erckerala.org ൽ ലഭ്യമാണ്.
- Log in to post comments