പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്: 10 കേസുകളിൽ 8 എണ്ണം തീർപ്പാക്കി
പരിഗണിച്ച 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷന്റെ ജില്ലാ തല സിറ്റിങ്, കമ്മീഷൻ മെമ്പർ ടി. കെ വാസുവിന്റെ അധ്യക്ഷതയിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. രണ്ടു കേസുകൾ റവന്യൂ, പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പുകളുടെ റിപ്പോർട്ടിനായി മാറ്റിവെച്ചു. ഭൂമി സംബന്ധമായ പരാതികൾ, വഴിതർക്കം, ജോലിയിലെ സംവരണ വിഷയങ്ങൾ, ആശ്രിത നിയമനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്.
ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ. ആർ. സരിൻ, പട്ടികജാതി- പട്ടികവർഗ്ഗ, പോലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
മഴവെള്ളപ്പാച്ചിൽ നാശനഷ്ടം: പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്ഥലം സന്ദർശിച്ചു
രാമനാട്ടുകാരയിൽ കനത്ത മഴയിൽ പുരയിടത്തിലൂടെ വെള്ളം കുത്തിയൊലിച്ച് പരിസരത്തും വീട്ടിലേക്കുള്ള വഴിയിലും നാശ നഷ്ടമുണ്ടായതുമായി ബന്ധപ്പെട്ട പരാതിയിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ അംഗം ടി. കെ. വാസുവിന്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിളിച്ചുവരുത്തി സംയുക്ത പരിശോധന നടത്തി.
രാമനാട്ടുകര നഗരസഭയിലെ 13-ാം ഡിവിഷൻ വൈദ്യരങ്ങാടി കൊല്ലരുകുതോടി വിഷ്ണു നിവാസിൽ എം. സജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. മഴവെള്ളം ശക്തമായി ഒഴുകിയെത്തി പുരയിടത്തിനും റോഡിനും നാശനഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സമീപവാസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം തടയാൻ നടപടി സ്വീകരിക്കണമെന്നതായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
കമ്മീഷൻ അംഗം ടി. കെ. വാസുവിന്റെ നേതൃത്വത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ. ആർ.സരിൻ, കമ്മീഷൻ ജീവനക്കാരായ ആർ. റോഷിത്ത്, ആർ. എസ്. അഭിഷേക് എന്നിവരും, നഗരസഭയിൽ നിന്ന് ക്ലീൻ സിറ്റി മാനേജർ പി. ഷജിൽ കുമാർ, ഓവർസിയർ വിസ്മയ അശോകൻ എന്നിവരുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
സാഹചര്യം നേരിൽ കണ്ടു ബോധ്യപ്പെട്ട സംഘം, രാമനാട്ടുകര നഗരസഭയുമായി കൂടിയാലോചനകൾ നടത്തി പ്രശ്നം പരിഹരിക്കാൻ ധാരണയായി.
- Log in to post comments