Skip to main content

ജൽജീവൻ മിഷൻ: അവലോകന യോഗം ചേർന്നു

 

പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം

ജില്ലയിലെ ജൽജീവൻ മിഷൻ (ജെ.ജെ.എം) പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സബ് കളക്ടർ എസ്. ഗൗതം രാജിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കിവരുന്ന കുടിവെള്ള പദ്ധതികളുടെ നിലവിലെ സ്ഥിതിയും നിർമാണ പ്രവൃത്തികൾ നേരിടുന്ന തടസ്സങ്ങളും യോഗം വിലയിരുത്തി.

ജൽജീവൻ മിഷൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ, പൈപ്പ് ലൈൻ സ്ഥാപിക്കൽ, റോഡ് പുനഃസ്ഥാപിക്കൽ, സാങ്കേതിക തടസ്സങ്ങൾ എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. വിവിധ വകുപ്പുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി നിർമാണ പ്രവൃത്തികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി. പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും തടസ്സങ്ങൾ പരിഹരിച്ച് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മുഹമ്മദ് ലുക്മാൻ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ സി. വി. ശുഭ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വി. സുപിൻ, ജല അതോറിറ്റിയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

കേന്ദ്രസർക്കാർ 2019 ഓഗസ്റ്റ് 15-ന് ആരംഭിച്ച ഗ്രാമീണ കുടിവെള്ള പദ്ധതിയാണ് ജൽജീവൻ മിഷൻ. ഗ്രാമപ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും പൈപ്പ് കണക്ഷനിലൂടെ സുരക്ഷിതവും മതിയായ അളവിലുള്ളതുമായ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമീണ മേഖലയിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കുടിവെള്ളത്തിനായി ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം കുറയ്ക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണം, മഴവെള്ള സംഭരണം, ജലസംരക്ഷണം, ഉപയോഗിച്ച വെള്ളത്തിന്റെ പുനരുപയോഗം എന്നിവയ്ക്കും പദ്ധതി പ്രാധാന്യം നൽകുന്നു.

date