ആനമലയാര്‍, നീരാര്‍- നല്ലാര്‍ പദ്ധതികള്‍ അനുവദിക്കില്ല: മന്ത്രി മോന്‍സ് ജോസഫ്
പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ വ്യവസ്ഥകള്‍ മറികടന്ന് തമിഴ്നാട് മുന്നോട്ടുവയ്ക്കുന്ന ആനമലയാര്‍, നീരാര്‍-നല്ലാര്‍ പദ്ധതികള്‍ അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ് നിയമസഭയില്‍ വ്യക്തമാക്കിയതായി കെ. പ്രേമന് എം.എല്‍.എ അറിയിച്ചു. പറമ്പിക്കുളം- ആളിയാര്‍ കരാറിന്റെ ഭാഗമായി തമിഴ്നാട് ആവശ്യപ്പെടുന്ന പുതിയ പദ്ധതികള്‍ കേരളത്തിന്റെ ജലലഭ്യതയെയും നീരൊഴുക്കിനെയും ബാധിക്കുമെന്ന ആശങ്ക നിയമസഭയില്‍ ഉന്നയിക്കുകയായിരുന്നു കെ. പ്രേമന് എം.എല്‍.എ.
പദ്ധതി നടപ്പാക്കുന്നത് ഇടമലയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന ജലസംഭരണികളിലേക്കുള്ള സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുമെന്നും പറമ്പിക്കുളം സിസ്റ്റത്തിലെ അണക്കെട്ടുകളുടെ നിയന്ത്രണവും ചിറ്റൂര്‍ പുഴയില്‍ അധികജലത്തിന്റെ ലഭ്യതയും ഉറപ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
പദ്ധതികള്‍ കേരളത്തിന്റെ താല്പര്യങ്ങളെ ബാധിക്കുമെന്നതിനാല്‍ അനുവദിക്കില്ല. ആനമലയാര്‍, നീരാര്‍- നല്ലാര്‍ പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെയും കെ.എസ്.ഇ.ബി., ജലസേചന വകുപ്പ് എന്നിവയുടെയും റിപ്പോര്‍ട്ടുകളില്‍ പദ്ധതികള്‍ ഇടമലയാറിലേക്കുള്ള നീരൊഴുക്കിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കരുതെന്നാണ് റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശയെന്നും മന്ത്രി അറിയിച്ചു.
ചിറ്റൂര്‍ പുഴയിലെ അധികജലമായ 2.5 ടി.എം.സി. കേരളത്തിന്റെ ആവശ്യപ്രകാരം മുന്‍കാലങ്ങളില്‍ തമിഴ്നാട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംയുക്ത ഗേജിംഗ് അടക്കമുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കല്‍ വൈകുന്നത്. കരാര്‍ സമയബന്ധിതമായി പുതുക്കുന്നതിനും കേരളത്തിന് അര്‍ഹമായ ജലം ലഭ്യമാക്കുന്നതിനും സംയുക്ത ജലവിഭവ (ജെ.ഡബ്ല്യു.ആര്.) ബോര്‍ഡ് യോഗങ്ങളിലും ഔദ്യോഗിക കത്തിടപാടുകളിലൂടെയും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി രേഖാമൂലം വ്യക്തമാക്കി
- Log in to post comments