Skip to main content

തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പോളിടെക്നിക്, ഐ.ടി.ഐ. വിദ്യാർഥിനികൾക്കായി കേരള സർക്കാർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച 'ശിഖ' (സേഫ്റ്റി, ഹെൽത്ത് ആൻഡ് ഇൻഡസ്ട്രിയൽ നോളജ് ഫോർ ഹെർ അഡ്വാൻസ്മെന്റ്) എന്ന ഏകദിന ആരോഗ്യ സുരക്ഷിതത്വ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീശാക്തീകരണം സ്വന്തം അവകാശങ്ങളെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ബോധ്യത്തിൽനിന്നാണ് ആരംഭിക്കേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി എല്ലാവർക്കും ലഭ്യമാക്കണം. തുല്യജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനം നൽകാൻ പാടില്ല.

പ്രസവാനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള നിയമപരമായ അവകാശങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇത്തരം വിവേചനങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നേറാൻ പെൺകുട്ടികൾ തയ്യാറാകണം. ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടാക്കി അവ നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യണം. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഉയർന്ന നേട്ടങ്ങൾ കൈവരിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇതിന് മികച്ച ഉദാഹരണമാണ്. ഓരോ വ്യക്തിയിലുമുള്ള സവിശേഷമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ കുടുംബത്തിനും സമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വ്യവസായശാലകളിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ചുമതല. തൊഴിൽസ്ഥാപനങ്ങളിലെ മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ജീവനക്കാർക്ക് പരിശീലനവും നൽകേണ്ടതുണ്ട്. തൊഴിൽ സുരക്ഷ കേവലം ഒരു മുൻകരുതലായി കാണാതെ ജീവിതസംസ്കാരമായി വളർത്തിയെടുക്കണം. തൊഴിലിടങ്ങളിലെ അപകടസാധ്യതകളെക്കുറിച്ചും, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും വിദ്യാർഥികൾക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം.സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെയും അക്രമവാസനകൾക്കെതിരെയും ജാഗ്രത വേണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്യാമ്പസുകളിൽ ശക്തമായ റാഗിങ് വിരുദ്ധ സംവിധാനങ്ങൾ ഉണ്ടാകണം. തെറ്റ് കണ്ടിട്ടും മൗനം പാലിക്കുന്നത് അക്രമങ്ങൾ വളരാൻ സാഹചര്യമൊരുക്കും. എന്നാൽ, ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താതെ അവരെ അതിൽനിന്ന് മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു.

കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് ഹാളിൽ നടന്ന ചടങ്ങിൽ കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമാൽ മണക്കാടൻ പരിശീലന പുസ്തകം പ്രകാശനം ചെയ്തു. നഗരസഭാ കൗൺസിലർ മാഹിൻ കെ.ഇ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ ആർ. സൂരജ് കൃഷ്ണൻ, എറണാകുളം ജോയിന്റ് ഡയറക്ടർ നിതീഷ് ദേവരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date