മാതൃത്വ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെയും സർക്കാരിന്റെയും കൂടിയാണ്: മന്ത്രി ബിന്ദു കൃഷ്ണ
സ്ത്രീസൗഹൃദ തൊഴിലിടങ്ങൾ ഉറപ്പാക്കാൻ തൊഴിൽദാതാക്കൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം
മാതൃത്വ സംരക്ഷണം ഒരു അമ്മയുടെയോ കുടുംബത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെയും സർക്കാരിന്റെയും കൂട്ടായ കടമയാണെന്നും തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ &എംപ്ലോയ്മെന്റ് (കിലെ) നേതൃത്വത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) സാങ്കേതിക പിന്തുണയോടെ സംഘടിപ്പിച്ച 'മാതൃത്വ സംരക്ഷണവും സ്ത്രീസൗഹൃദ തൊഴിലിടങ്ങളും' എന്ന അന്താരാഷ്ട്ര ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രസവാവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തുന്ന സ്ത്രീകൾക്ക് തൊഴിൽസുരക്ഷയും കരിയർ വളർച്ചയും ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീസൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കാനും തൊഴിൽദാതാക്കൾ മുന്നോട്ടുവരണം.
സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുന്നതിന് പ്രസവാവധിയും ശിശുപരിപാലന സൗകര്യങ്ങളും ഉൾപ്പെടെയുള്ള പിന്തുണാ സംവിധാനങ്ങൾ തൊഴിലിടങ്ങളിൽ ഉറപ്പാക്കേണ്ടതുണ്ട്. പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിനും വിപണനത്തിനുമൊപ്പം ശിശുപരിപാലന സൗകര്യങ്ങളും മാതൃത്വ സംരക്ഷണവും പ്രധാന ഘടകങ്ങളായി പരിഗണിക്കണം.
ശമ്പളത്തോടുകൂടിയ പ്രസവാവധി സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യതയായി മാത്രം കാണുന്ന സമീപനത്തിൽ മാറ്റം വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവയുടെ ലംഘനത്തിനുള്ള പഴുതുകൾ കണ്ടെത്തുന്നതിനു പകരം, നിയമങ്ങൾ കൃത്യമായി പാലിക്കാനുള്ള സാമൂഹിക മനോഭാവം വളരേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം വിജയകരമായി നടപ്പാക്കിയതിലൂടെ നിയമത്തിന്റെ ഫലപ്രദമായ നിർവഹണം സാധ്യമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. അതുപോലെ മാതൃത്വ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും ഫലപ്രദമായി നടപ്പാക്കാൻ സ്ഥാപനങ്ങളും തൊഴിൽദാതാക്കളും തയ്യാറാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രസവാനന്തര വിഷാദം ഉൾപ്പെടെയുള്ള അമ്മമാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗൗരവത്തോടെ കാണണം. പ്രസവശേഷം കുഞ്ഞിന് നൽകുന്ന പരിചരണത്തോടൊപ്പം അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. പ്രസവാനന്തര വിഷാദത്തെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു.
ശിശുപരിപാലന സൗകര്യങ്ങളുടെ അപര്യാപ്തത, പ്രസവാനന്തര പിന്തുണയുടെ അഭാവം, തൊഴിൽസമയത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ, തൊഴിൽസുരക്ഷ, കരിയർ വളർച്ച എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ കാരണം കഴിവും യോഗ്യതയുമുള്ള നിരവധി സ്ത്രീകൾക്ക് തൊഴിൽ ഉപേക്ഷിക്കേണ്ടിവരുന്നു. അതിനാൽ, പ്രസവാവധിക്ക് ശേഷം ജോലിയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു.
ചടങ്ങിൽ കില എക്സിക്യൂട്ടീവ് ഡയറക്ടർ ഡി. സുരേഷ് കുമാർ, കില പ്രോജക്ട് കോ-ഓഡിനേറ്റർ ജാസ്മി ബീഗം, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ സീനിയർ സോഷ്യൽ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ് മാരിക്കോ ഓച്ചി, കില സീനിയർ ഫാക്കൽറ്റിയും തൊഴിൽനിയമ വിദഗ്ധനുമായ വർക്കിയച്ചൻ പേട്ട, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റ് കേരള ചാപ്റ്റർ സെക്രട്ടറി സജി വി. മാത്യു, എറണാകുളം ജില്ലാ വനിതാ-ശിശു വികസന ഓഫീസർ ജെബീൻ ലോലിത സെയ്ൻ, ഐ.എൻ.ടി.യു.സി (INTUC) എറണാകുളം ജനറൽ സെക്രട്ടറി ഇ. തരുവേയി കുട്ടി എന്നിവർ പങ്കെടുത്തു.
- Log in to post comments