Skip to main content

മണീട് ഗ്രാമപഞ്ചായത്ത് 107 നമ്പർ അങ്കണവാടിക്ക്  ഇനി സ്മാർട്ട് കെട്ടിടം

*അങ്കണവാടി പ്രവർത്തകർ സാമൂഹിക ഉത്തരവാദിത്ത്വം പുലർത്തണം: മന്ത്രി ബിന്ദു കൃഷ്ണ

അങ്കണവാടി പ്രവർത്തകർ സാമൂഹിക ഉത്തരവാദിത്ത്വം പുലർത്തേണ്ടവരാണെന്നും സാമൂഹിക ജീവിതത്തിൽ അങ്കണവാടികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും വനിത, ശിശുക്ഷേമ വികസന  വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മണീട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതുതായി നിർമാണം പൂർത്തീകരിച്ച 107 നമ്പർ സ്മാർട്ട് അങ്കണവാടിയുടെ  ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു കുഞ്ഞിന്റെ ജനനം മുതൽ മുന്നോട്ടുള്ള ജീവിതം അമ്മയുടെ മാത്രമല്ല, സമൂഹത്തിന്റെയും സർക്കാരിന്റെയും കൂട്ടുത്തരവാദിത്ത്വം കൂടിയാണെന്നും അതുകൊണ്ടുതന്നെ മാതൃശിശു ക്ഷേമ പ്രവർത്തനങ്ങളുടെ പരിപോഷിപ്പിക്കൽ സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

 സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യമെടുത്ത തീരുമാനമായി അങ്കണവാടി ഹെൽപ്പർമാരുടെ ഓണറേറിയം വർധിപ്പിച്ചു.  അങ്കണവാടികൾക്കുള്ള  സ്മാർട്ട്ഫോൺ,  യൂണിഫോം എന്നിവ വേഗത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

 ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന ത്രിമാസ രോഗനിർണയ പദ്ധതിയിൽ തങ്ങൾ പഠിപ്പിക്കുന്ന കുട്ടികളെ ഉൾപ്പെടുത്താൻ അങ്കണവാടി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും  പോഷകക്കുറവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്തി പരിപാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

 
സ്വന്തമായി അങ്കണവാടി കെട്ടിടമില്ലാത്ത ആറാം വാർഡിൽ അങ്കണവാടി നിർമ്മിക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയ കാപ്പുംകുഴിയിൽ  കെ. എസ്. പ്രസാദിനെ ചടങ്ങിൽ ആദരിച്ചു.

മണീട് ഡോ. ബി.ആർ. അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു സ്വാഗതവും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ഷാജി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, മണീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  മോൻസി വർഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, ആശ വർക്കർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു .

date