എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നവാഗതർക്കായി മൂട്ട് കോർട്ട് മത്സരങ്ങൾക്ക് തുടക്കമായി
എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ ഒന്നാം വർഷ നിയമവിദ്യാർത്ഥികൾക്കായി നവംബർ 5, 6, 7 തീയതികളിൽ സംഘടിപ്പിക്കുന്ന ഫ്രഷേഴ്സ് മൂട്ട് കോർട്ട് മത്സരങ്ങൾക്ക് തുടക്കമായി. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഗോപകുമാർ ജി. മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
നിയമപഠനത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ വിദ്യാർത്ഥികൾ മൂട്ട് കോർട്ട് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം, വാദപ്രതിവാദങ്ങളിലെ മികവ്, ആത്മവിശ്വാസം, കോടതിമുറിയിലെ നടപടിക്രമങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിചയം എന്നിവ വളർത്തിയെടുക്കാൻ ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് ജീവിതത്തിന്റെ ആദ്യകാലത്തുതന്നെ മൂട്ട് കോർട്ട് പരിശീലനം നേടുന്നത് ഭാവിയിൽ മികച്ച അഭിഭാഷകരായി വളരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം ഗവൺമെന്റ് ലോ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് നവാഗതരായ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഫ്രഷേഴ്സ് മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നതെന്ന് സ്വാഗതപ്രസംഗത്തിൽ ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ലിനി ജോസ് അറിയിച്ചു. മത്സരത്തിലെ വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കുമെന്നും അവർ വ്യക്തമാക്കി.
കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദുമോൾ വി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. അനുശ്രീ, അലുംനി അസോസിയേഷൻ സെക്രട്ടറി അഡ്വ. പി. സഞ്ജയ്, പി.ടി.എ. അംഗം ബിജു പി.എ., കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ പി. എന്നിവർ സംസാരിച്ചു. ചടങ്ങിന് സഞ്ജീവ് കെ. നന്ദി രേഖപ്പെടുത്തി.
ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിയമപരമായ ചിന്താശേഷി, ഗവേഷണ മനോഭാവം, വാദനൈപുണ്യം, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനും നിയമവൃത്തിയിലെ പ്രായോഗിക പരിശീലനത്തിന് തുടക്കമിടുന്നതിനുമുള്ള മികച്ച വേദിയായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
- Log in to post comments