Skip to main content

ഉപജില്ലാ കലോത്സവം ഇനി സ്മാർട്ട് ആകും  പരാതി പരിഹാരത്തിന് പുതിയ സോഫ്റ്റ്‌വെയർ നിർമിച്ച് അദ്ധ്യാപകൻ

 

പുളിങ്കുന്ന് സെൻ്റ് ജോസഫ് ഹയർസെക്കണ്ടറി, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ എന്നി വിദ്യാലയങ്ങളിലായി നടക്കുന്ന
മങ്കൊമ്പ് ഉപജില്ല സ്‌കൂൾ കലോത്സവം 2026 സ്‌മാർട്ടാക്കി പരാതിരഹിതമാക്കുന്നതിന് പ്രത്യേക സോഫ്റ്റ് വെയർ നിർമ്മിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ഉപജില്ല ഐ.സി.റ്റി. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ  ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്മാർട്ട് കലോത്സവം നടത്തുന്നത്.

സ്മാർട്ട് ആപ്ലിക്കേഷൻ ഫോർ ആർട്ട്ഫെസ്റ്റ്  സൊലൂഷൻ (സാസ്) എന്നു പേരിട്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സോഫ്‌റ്റ് വെയർ രൂപകല്പന ചെയ്തത് ചേന്നങ്കരി ദേവമാതാ ഹൈ സ്‌കൂളിലെ ശാസ്‌ത്രാധ്യാപകനും ഐ.സി.റ്റി. കോർഡിനേറ്ററുമായ സജോമോൻ തോമസാണ്. "സ്മാർട്ട് ആൻഡ് സീറോ കൺഫ്യൂഷൻ കലോത്സവം" എന്ന ലക്ഷ്യം മുൻനിർത്തിയാണ് 
സാസ് നിർമ്മിച്ചിട്ടുള്ളത്. 

ഈ സോഫ്റ്റ് വെയറിലൂടെ കലോത്സവവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ
ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ലഭ്യമാകും. വ്യത്യസ്‌ത വേദികളിൽ നടക്കുന്ന മത്സരങ്ങൾ, അവയുടെ കോഡുകൾ, മത്സരാർത്ഥികളുടെ എണ്ണം, ഇപ്പോൾ പങ്കെടുക്കുന്ന മത്സരാർത്ഥിയുടെ ലോട്ട് നമ്പർ, പങ്കെടുക്കാനുള്ളവരുടെ എണ്ണം, മത്സരം അവസാനിക്കുന്ന സമയം, മത്സരം സമയബന്ധിതമായാണോ നടക്കുന്നത്, എത്ര സമയം വൈകി, വേദിയിലെ തുടർന്നുള്ള മത്സരങ്ങളുടെ വിവരങ്ങൾ, ഗ്രേഡും ചേർന്നുള്ള മത്സര ഫലം, ഓരോ മത്സര ഇനത്തിൻ്റെയും ഫലം, വിദ്യാലയാടിസ്ഥാനത്തിലുള്ള മത്സര ഫലങ്ങൾ, പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഡി.എഫ്. രുപത്തിലുള്ള മത്സരത്തിന്റെ  സുപ്രധാന വിവരങ്ങൾ സാസിലൂടെ ലഭ്യമാകും. ഇതിലൂടെ മത്സരാർത്ഥികൾക്ക് കൃത്യവും വ്യക്തവുമായ  വിവരങ്ങൾ ലഭിക്കുന്നതിനാൽ ആശങ്കകൾ കൂടാതെ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും. ഇത് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ 
സഹായകരമാണ്.

ഓരോ  മത്സരവേദിയിലും നിയോഗിക്കപ്പെട്ടിട്ടുള്ള അപ്ഡേറ്റ് വോളണ്ടിയറാണ് തത്സമയ വിവരങ്ങൾ സാസിൽ ഉൾപ്പെടുത്തുന്നത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതു ജനങ്ങളും സോഫ്റ്റ് വെയർ ഉപയോഗിച്ചു തുടങ്ങിയെന്നും മികച്ച സേവനം നൽകുന്നുണ്ടെന്നും മങ്കൊമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൽ. അനുപമ  അറിയിച്ചു.

date