പതിനഞ്ചാം പഞ്ചവത്സര പദ്ധതി ആശയരൂപീകരണ യോഗം നാളെ (വെള്ളി) കോഴിക്കോട്
* റവന്യൂ മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും
* ‘പുതുയുഗ കേരളം’ വികസന മാതൃകയ്ക്ക് രൂപം നൽകാൻ ജനപ്രതിനിധികളും വിദഗ്ധരും ഒത്തുചേരും
പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027–32) രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും കോഴിക്കോട് ജില്ലയിലെ പ്രാദേശിക വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനുള്ള ആശയരൂപീകരണ യോഗം നാളെ (നവംബർ 13) കോഴിക്കോട് നടക്കും. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ രാവിലെ 10ന് പാളയത്തെ ഹോട്ടൽ കിംഗ് ഫോർട്ടിൽ നടക്കുന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സൗത്ത് എം.എൽ.എ. അഡ്വ. ഫൈസൽ ബാബു അധ്യക്ഷത വഹിക്കും.
സാമ്പത്തിക വളർച്ച, സാമൂഹിക നീതി, സാങ്കേതിക പുരോഗതി, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനം എന്നിവ സമന്വയിപ്പിച്ച് ‘പുതുയുഗ കേരളം’ വികസന മാതൃകയ്ക്ക് രൂപം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വികസന ആവശ്യങ്ങൾ, സാധ്യതകൾ, പരിമിതികൾ, ദീർഘകാല വികസന ലക്ഷ്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ ആമുഖപ്രഭാഷണം നടത്തും. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ഡോ. എം.കെ. മുനീർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മേയർ, എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, വിദഗ്ധർ, സംരംഭകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും വികസന നിർദേശങ്ങൾ രണ്ട് സെഷനുകളിലായി സമാഹരിക്കും. ആദ്യ സെഷൻ ഉദ്ഘാടനത്തിനു ശേഷവും രണ്ടാം സെഷൻ ഉച്ചയ്ക്ക് രണ്ടിനും ആരംഭിക്കും. വികസന നിർദേശങ്ങൾ പങ്കുവെക്കാൻ ഗൂഗിൾ ഫോം സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും.
ജനകീയ പങ്കാളിത്തവും പ്രാദേശിക വികസന കാഴ്ചപ്പാടുകളും സംസ്ഥാനതല ആസൂത്രണത്തിൽ ഉൾപ്പെടുത്തി കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുകയാണ് യോഗത്തിന്റെ ലക്ഷ്യം.
- Log in to post comments