വിദ്യാർഥികളിൽ കൃഷി അഭിരുചി വളർത്താൻ 'കതിർ'; ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'കതിർ കാർഷിക ക്ലബ്ബ്' പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ നോഡൽ അധ്യാപകരും പങ്കെടുത്തു.
സ്കൂൾ തലം മുതൽ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം, പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ 500 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി നടപ്പിലാക്കുന്ന പദ്ധതിയിൽ മലപ്പുറം ജില്ലയിലെ 39 സ്കൂളുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കാർഷിക സാങ്കേതികവിദ്യകളും പരമ്പരാഗത അറിവുകളും സമന്വയിപ്പിച്ച് വിദ്യാർഥികളെ പ്രകൃതിസൗഹൃദ ജീവിതശൈലിയിലേക്ക് നയിക്കാൻ ക്ലബ്ബുകൾ വഴിയൊരുക്കും.
പരിപാടിയിൽ ജില്ലാ കൃഷി ഓഫീസർ പി. ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു, പെരിന്തൽമണ്ണ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. രജീന, സുമയ്യ പട്ടാശ്ശേരി, ഡാസൽ സേവ്യർ, എം. ജി. നന്ദുലാൽ, കെ. സ്മിത എന്നിവരും അധ്യാപകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments