Skip to main content

ലീഗൽ മെട്രോളജിയുടെ പുതിയ ഓഫീസ് കോലഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു

ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാരികൾക്കും ആശ്വാസമായി ലീഗൽ മെട്രോളജി സർക്കിൾ 2 ഇൻസ്പെക്ടർ ഓഫീസ് കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനവും ഓട്ടോറിക്ഷാ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പിന്റെ ഫ്ലാഗ് ഓഫും വി.പി. സജീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. ഇതോടെ കുന്നത്തുനാട് മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാരികൾക്കും മുദ്രപതിപ്പിക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പെരുമ്പാവൂരിലേക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും.

നിലവിൽ പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിലാണ് സർക്കിൾ 2 ഇൻസ്പെക്ടർ ഓഫീസ് പ്രവർത്തിക്കുന്നത്. വെങ്ങോല, കിഴക്കമ്പലം, കുന്നത്തുനാട്, പള്ളിക്കര, പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട്, പുതൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ തുടങ്ങിയ പ്രദേശങ്ങളാണ് ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഈ മേഖലകളിലെ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും വ്യവസായികളും അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനയ്ക്കും മുദ്രപതിപ്പിക്കലിനുമായി പെരുമ്പാവൂരിനെയാണ് ആശ്രയിച്ചിരുന്നത്.

കോലഞ്ചേരിയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കുന്നത്തുനാട് മേഖലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഫെയർ മീറ്റർ പരിശോധനയും മുദ്രപതിപ്പിക്കലും കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. വ്യാപാരികൾക്കും വ്യവസായികൾക്കും തൂക്ക അളവ് ഉപകരണങ്ങളുടെ പരിശോധനയ്ക്കും മുദ്രപതിപ്പിക്കലിനും സമീപത്തുതന്നെ സൗകര്യം ലഭിക്കും. ലീഗൽ മെട്രോളജി മദ്ധ്യമേഖല ജോയിന്റ് കൺട്രോളർ പി. ശ്രീനിവാസ്, ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, എസ്. ബിമൽ, അസിസ്റ്റന്റ് കൺട്രോളർമാരായ കെ.ഡി. നിഷാദ്, കെ.എം. മുഹമ്മദ് ഇസ്മായിൽ, ജില്ലാ പഞ്ചായത്ത് അംഗം സുജിത് പോൾ, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുത്തു.

date