Skip to main content

ജില്ലാതല കേരളോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കേരളോത്സവം ജില്ലാതല സ്വാഗത സംഘം രൂപീകരണം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത്. 

 ഡിസംബർ 6 മുതൽ 20 വരെയാണ് ജില്ലാതല മത്സരങ്ങൾ നടക്കുന്നത്.  ഗ്രാമപഞ്ചായത്ത് തല മത്സരങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ബ്ലോക്ക് തല കേരളോത്സവങ്ങൾക്ക് ഉടൻ തുടക്കമാകും. നവംബർ  30-നകം ബ്ലോക്ക് തലത്തിലെ എല്ലാ മത്സരങ്ങളും പൂർത്തിയാക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

പരമാവധി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് കേരളോത്സവത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാനുള്ള സമീപനം സ്വീകരിക്കണമെന്നും ജില്ലാതല മത്സരവേദികളിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ഡ്യൂട്ടി നൽകി ചുമതലപ്പെടുത്തണമെന്നും യോഗം നിർദ്ദേശിച്ചു.

കേരളോത്സവത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൻറെ ലഹരിക്കെതിരെയുള്ള ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടികളും നടത്തും. ലഹരി വിരുദ്ധ എറണാകുളം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ജില്ലാതല കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെജി രാധാകൃഷ്ണൻ അറിയിച്ചു

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിൻ്റ ജേക്കബ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ടിമ്പിൾ മാഗി, യുവജന ക്ഷേമ ബോർഡ് പ്രതിനിധി സബിത,  ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ പങ്കെടുത്തു.

date