കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു ഇടുക്കി ജില്ലയില്‍ ആകെ 8,12,237 വോട്ടര്‍മാര്‍,6,810 വോട്ടര്‍മാരുടെ വര്‍ധന *ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 28 വരെ സമര്‍പ്പിക്കാം
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു .പട്ടികപ്രകാരം ജില്ലയില്‍ ആകെ 8,12,237 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 4,00,534 പുരുഷന്മാരും 4,11,696 സ്ത്രീകളും ഏഴ് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. പുതുക്കിയ ലിസ്റ്റ് പ്രകാരം ജില്ലയില്‍ 6,810 വോട്ടര്‍മാരുടെ വര്‍ധനയാണുള്ളത് . ഇത് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാമെന്ന് പട്ടിക പ്രകാശനം ചെയ്ത ജില്ലാ കളക്ടര്‍ ഡോ .ദിനേശന് ചെറുവാട്ട് അറിയിച്ചു . ലഭിക്കുന്ന അപേക്ഷകളിലും ആക്ഷേപങ്ങളിലും ആവശ്യമായ പരിശോധനകള്‍ നടത്തി ഡിസംബര്‍ 28നകം തീര്‍പ്പാക്കും. 2027 ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ നിലവിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും കണക്കുകള്‍ പ്രകാരം തൊടുപുഴയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1,89,991 പേര്. ഇടുക്കി മണ്ഡലത്തില്‍ 1,69,565 പേരും പീരുമേട്ടില്‍ 1,57,766 പേരും ഉടുമ്പന്‍ചോലയില്‍ 1,51,472 പേരും ദേവികുളത്ത് 1,43,443 പേരുമാണ് വോട്ടര്‍മാരുമാണ് ഉള്ളത്.
മുന്‍ വോട്ടര്‍പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയില്‍ 6,810 വോട്ടര്‍മാരുടെ വര്‍ധനവുണ്ടായിട്ടുണ്ട് . 2,948 പുരുഷന്മാരെയും 3,863 സ്ത്രീകളെയും കൂടുതലായി ഉള്‍പ്പെട്ടു .ഇതോടെ മുന്‍ പട്ടികയിലെ 8,05,427 വോട്ടര്‍മാരില്‍നിന്ന് ആകെ എണ്ണം 8,12,237 ആയി ഉയര്‍ന്നു.എന്നാല്‍ പുതിയ പട്ടികയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരു വോട്ടര്‍ പുറത്തായി.
കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ voters.eci.gov.in മുഖേന പരിശോധിക്കാം. പട്ടികയില്‍ പേരില്ലാത്ത അര്‍ഹരായവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും നിശ്ചിത സമയപരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ വോട്ടേഴ്സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം.
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജി .നിര്‍മല്‍ കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments