Skip to main content

എല്ലാവരുടെയുംഉള്ളില്‍ ഗാന്ധിയന്‍ ആശയങ്ങളുംചിന്താഗതികളുംവേണം - ഗവര്‍ണര്‍

രക്തസാക്ഷ്യം പരിപാടി അവസാനിച്ചാലുംഎല്ലാവരുടെയും മനസ്സില്‍ ഗാന്ധിയന്‍ ആശയങ്ങളും ചിന്താഗതികളും വേണം.  ഗാന്ധിയെ പ്രചോദനമായി എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുമ്പോഴാണ് നല്ല ഒരുസമൂഹം നമുക്ക് കെട്ടിപടുക്കാന്‍ കഴിയുകയെന്നും ഗവര്‍ണര്‍ പി. സദാശിവം. സാംസ്‌കാരിക വകുപ്പ് സര്‍വ്വോദയ മണ്ഡലവുമായി സഹകരിച്ച് നടത്തുന്ന രക്തസാക്ഷ്യം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഓരോ ഇന്ത്യക്കാരനും സ്വയം ചോദിക്കണം ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ നമുക്ക് സഫലമാക്കുവാന്‍ കഴിഞ്ഞി ട്ടുണ്ടോയെന്ന്.
ബ്രീട്ടീഷുകാരില്‍ നിന്ന് മാത്രമല്ല ഇന്ത്യയില്‍ നില നിന്നിരുന്ന ജാതീയത, തൊട്ടുകൂടായ്മ , തീണ്ടികൂട്ടായ്മ തുടങ്ങി എല്ലാ അനാചാരങ്ങളില്‍ നിന്നു കൂടിയാണ് ഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടിതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രക്തസാക്ഷ്യം പരിപാടിയുടെയും ഗാന്ധി കണ്ട അക്രമ രഹിതവും സമാധാന പരവുമായ ഇന്ത്യയുടെയും പ്രാധാന്യം വളരെയേറെയാണ്. വെടിയുതിര്‍ത്തപ്പോള്‍ ഗാന്ധിയുടെ ശരീരത്തില്‍ നിന്ന് മാത്രമല്ല ഓരോഇന്ത്യക്കാരന്റെയും ശരീരത്തില്‍ നിന്ന് കൂടിയാണ് രക്തംഒഴുകിയതെന്നും അദ്ദേഹം പറഞ്ഞു.  
തന്റെ വിശ്വാസത്തോടൊപ്പം മറ്റു മതവിശ്വാസങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഗാന്ധിജി പഠിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ഒന്നായിരുന്നെന്നും  ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടിജലീല്‍ പറഞ്ഞു. ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി ഇന്ന് വളരെയേറെ യാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സര്‍വ്വോദയ മണ്ഡലം പ്രസിഡന്റ് ജോസ്‌കെ. മാത്യു, സാംസ്‌കാരിക ഉന്നത സമിതി ചെയര്‍മാന്‍ ഡോ. പ്രഭാകരന്‍ പഴശ്ശി, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി വേലായുധന്‍, പ്രോഗ്രാം കണ്‍വീനര്‍ ടി. ശിവദാസ്എന്നിവര്‍ സംസാരിച്ചു.
ഗാന്ധിജിയെ പലവട്ടം വധിക്കുന്നതെന്തിന്?' എന്ന വിഷയത്തില്‍ പ്രൊഫ എം. എം നാരായണന്‍, ശ്രീചിത്രന്‍ എന്നിവര്‍സംസാരിച്ചു. വനിതാ സമ്മേളനത്തില്‍ ആതിരയും കാവ്യാലാപനത്തില്‍ പ്രൊഫസര്‍വി മധുസൂദനന്‍ നായര്‍ പങ്കെടുത്തു. ഫെബ്രുവരി ആറ് മുതല്‍ ആരംഭിച്ച രക്തസാക്ഷ്യം പരിപാടിയും സര്‍വ്വോദയ മേളയും കൊടുവള്ളി ബ്ലാക്ക് തിയേറ്റര്‍ അവതരിപ്പിക്കുന്ന 'നൊണ ' നാടകത്തോട് കൂടി അവസാനിച്ചു.

 

date