Skip to main content

സര്‍ക്കാരിന്റെ ആയിരം ദിനം വികസന വാര്‍ത്തകള്‍ പെരിന്തല്‍മണ്ണയില്‍ 40 കോടി രൂപ ചെലവില്‍ ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം ഫെബ്രുവരി 19ന് സ്പീക്കര്‍ നിര്‍വഹിക്കും

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാകുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഡെയ്‌ലി മാര്‍ക്കറ്റ് നിലനില്‍ക്കുന്ന 2.73 ഏക്കര്‍ സ്ഥലത്താണ് കാലോചിതമായ രൂപകല്‍പ്പനയും സൗകര്യങ്ങളും സജ്ജീകരിച്ച ഇന്‍ഡോര്‍ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാകുന്നത്. 40 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ഫെബ്രുവരി 19 ന് രാവിലെ 10 ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  നിര്‍വഹിക്കും. മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷനാവും. നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം പദ്ധതി അവതരിപ്പിക്കും.
കാലപ്പഴക്കം കൊണ്ടും അസൗകര്യങ്ങള്‍ കൊണ്ടും വീര്‍പ്പുമുട്ടുന്ന മാര്‍ക്കറ്റ് പുതുക്കി പണിയണമെന്ന വ്യാപാരികളുടെയും തൊട്ടടുത്തുള്ള സ്‌കൂള്‍, പള്ളി അധികൃതരുടെയും നാട്ടുകാരുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.
മൂന്ന് വശങ്ങളിലൂടെയും റോഡ് സൗകര്യമുള്ള ഈ  സ്ഥലം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീട്   വള്ളുവനാട് താലൂക്ക് ബോര്‍ഡിനുകീഴിലും  1933ല്‍  പഞ്ചായത്ത് രൂപീകരിച്ച ശേഷം പഞ്ചായത്ത് ബോര്‍ഡിന് കീഴിലുമായി.  തലച്ചുമടായി കൊണ്ട് വന്ന കാര്‍ഷിക വിഭവങ്ങള്‍ കുട്ടയില്‍ വെച്ച് തന്നെ വിറ്റുവന്ന ആഴ്ചച്ചന്ത എന്ന നിലയില്‍ ഈ സ്ഥലത്തിന്  ചരിത്രപരമായ സവിശേഷതയുമുണ്ട്. 1980 ല്‍ പഞ്ചായത്ത് ഓല ഷെഡ് ഉണ്ടാക്കി കച്ചവടക്കാര്‍ക്കു നല്‍കി. 1988ല്‍ തീപിടിത്തത്തില്‍ ഷെഡുകള്‍ കത്തി നശിച്ചപ്പോള്‍ 1990 ല്‍  നിര്‍മ്മിച്ചു നല്‍കിയ ഷെഡാണ് നിലവിലുള്ളത്. തുടര്‍ന്ന് 1996 ലും 2000ത്തിലുമായി കുറച്ചു കെട്ടിടങ്ങള്‍ കൂടി നിര്‍മിച്ചു. ഇവ പുതിയ കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
രണ്ടു ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിന്റെ സെല്ലാര്‍ ഫ്‌ളോറിലും കെട്ടിടത്തിന് ചുറ്റിലുമായി 300 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള  സൗകര്യമുണ്ട്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഇരുന്നൂറോളം കടമുറികളാണ്  നിര്‍മ്മിക്കുക.
ഇവ മുഴുവനായും നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കാനായി വിനിയോഗിക്കും. ഒന്നാം നിലയില്‍ ആധുനിക രൂപത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്, ബ്രാന്‍ഡ് ഷോപ്പുകള്‍, എ.ടി.എം കൗണ്ടര്‍, മൊബൈല്‍ കിയോസ്‌കുകള്‍, ജെന്‍ഡ്‌സ് - കിഡ്‌സ് ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയും, രണ്ടാം നിലയില്‍ രണ്ട് മള്‍ട്ടി പ്ലക്‌സ്  തിയേറ്റര്‍, ലേഡീസ് ഷോപ്പുകള്‍, ലേഡീസ് ഫാന്‍സി ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടിപാര്‍ലര്‍, കളിസ്ഥലം, ഫുഡ് കോര്‍ട്ട് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
എട്ട് ലിഫ്റ്റും, നാല് എസ്‌കലേറ്റര്‍ സൗകര്യവുമുള്ളതിനാല്‍ ഫ്‌ളോറുകളില്‍ എല്ലായിടത്തും പടി കയറാതെ തന്നെ എത്താനാവും. 60 ടോയ്‌ലറ്റ്, വിശ്രമകേന്ദ്രം എന്നിവയും ഉണ്ടാകും.  സി.സി.ടിവി, സെക്യൂരിറ്റി സിസ്റ്റം, ഖര -ദ്രവ മാലിന്യസംസ്‌കരണ സംവിധാനം എന്നിവയും മാര്‍ക്കറ്റില്‍ സജ്ജീകരിക്കും.
ബംഗലുരു ആസ്ഥാനമായ എ.യു.എസ് കണ്‍സോഷ്യം രൂപരേഖ തയ്യാറാക്കിയ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം കേരളത്തിലെ പ്രശസ്തമായ നിര്‍മാണ കൂട്ടായ്മയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെയാണ്  ഏല്‍പ്പിച്ചിരിക്കുന്നത്. ഒന്നരവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. ശിലാസ്ഥാപന ശേഷം മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തി ആരംഭിക്കും.  

 

date